NEWS

പിന്നോട്ടില്ല പിണറായി, പൊലീസ് തടഞ്ഞിട്ടും ജന്തർ മന്തറിലേക്ക്; എട്ടു മണിക്കൂറോളം കസ്റ്റഡിയിൽ


ന്യൂഡൽഹി ∙ ഒപ്പമുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുമ്പോൾ, സുരക്ഷയ്ക്ക് നിന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ പിണറായി വിജയനോടു പിന്നോട്ടു മാറാൻ അഭ്യർഥിച്ചു; അതു ശീലമില്ലെന്ന മട്ടിൽ പിണറായി മുന്നോട്ടു തന്നെ. ഇന്ദിരാഗാന്ധി ജയിലിലിട്ടിട്ടും പതറാത്ത നേതാവാണെന്നു ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസിനോടായി പറഞ്ഞു.പ്രതിഷേധത്തിന് ഇറങ്ങിയ യുവാക്കൾക്കു പിന്തുണയുമായി ഇറങ്ങിയ 81കാരനായ പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പതറിയപ്പോഴാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതും മണിക്കൂറുകളോളം ജീപ്പിൽ നഗരം ചുറ്റിച്ചതും. വെള്ളമോ മരുന്നോ ഭക്ഷണമോ നൽകാതെയായിരുന്നു ഇത്. 8 മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.കേരള പൊലീസിലെ 2 ഉദ്യോഗസ്ഥരും ഒപ്പം കയറി. ഒരു മണിക്കൂറോളം ചുറ്റിച്ച ശേഷം ഛത്രസാൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ അരമണിക്കൂർ ഇരുത്തിയപ്പോഴേക്കും വീണ്ടും സന്ദേശമെത്തി. ജീപ്പിൽ വീണ്ടും ഒരു മണിക്കൂറിലേറെ റോന്ത് ചുറ്റിച്ചു. ശേഷം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളം പോലും നൽകാതെയുള്ള ഈ യാത്രയ്ക്കൊടുവിൽ സുരക്ഷാജീവനക്കാർ പിണറായിക്കായി കേരള ഹൗസിൽനിന്നു വെള്ളവും മരുന്നും എത്തിച്ചു. ക്ഷീണിതനായ പിണറായിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിലേക്കു പോകണമെന്നു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ഒരാളാണെന്ന പരിഗണന പോലും നൽകിയില്ലെന്നു ബ്രിട്ടാസ് ആരോപിച്ചു.


Fashion ⏭️

Back to top button