പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങൂരി രക്ഷപ്പെട്ടു. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്താണ് (32) രക്ഷപ്പെട്ടത്. പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം.
രണ്ടാഴ്ച മുമ്പാണ് സജിത്തിന്റെ വീടിന് സമീപം താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സ്റ്റേഷനിൽ ലോക്കപ്പുണ്ടായിരുന്നല്ല. ഇതേത്തുടർന്ന് മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിലാണ് പ്രതിയുടെ കൈവിലങ്ങ് ബന്ധിപ്പിച്ചിരുന്നത്. വിലങ്ങ് കുറ്റിയിൽ കൊളുത്തിയിട്ടതേയുള്ളു.
രാത്രി ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് വിലങ്ങൂരിയ ഇയാൾ മുൻ വാതിലിൽക്കൂടി ഓടിപ്പോവുകയായിരുന്നു. പാറാവുകാരൻ ഉൾപ്പെടെയുള്ള പൊലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. സ്റ്റേഷനിൽ നിന്ന് തിരുവല്ല – കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്നുള്ള കാട്ടിലേക്കാണ് ഇയാൾ ഓടിയത്. വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.




