NEWS
ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ ഒളിപ്പിച്ചു; എല്ലാവരേയും വിശ്വസിപ്പിച്ചത് ആ ‘നുണക്കഥ, ഒടുവിൽ ?

വേക്ക്ഫീൽഡ്∙ ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ഫ്രീസറിൽ ഒളിപ്പിക്കുകയും, ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് രണ്ടാഴ്ചയോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുകയും ചെയ്ത ഭർത്താവിന് ജീവപര്യന്തം തടവ്. വെസ്റ്റ് യോർക്ഷയറിലെ ഹോർബറിയിൽ നടന്ന സംഭവത്തിൽ ഡേവിഡ് ബാരക്ലോ (46) ആണ് ശിക്ഷിക്കപ്പെട്ടത്. ഇന്നാണ് കേസിൽ ഡേവിഡ് ബാരക്ലോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരിയിലാണ് ഇയാൾ ഭാര്യ കരോളാൻ ബാരക്ലോയെ കൊലപ്പെടുത്തിയത്. മൂന്ന് മക്കളുടെ അമ്മയായ കരോളാൻ ഫെബ്രുവരി 19നും 21നും ഇടയിലാണ് കൊല്ലപ്പെട്ടതെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.തന്നെ ചുറികകൊണ്ട് ആക്രമിച്ചതിനെ തുടർന്ന് സ്വയംരക്ഷയ്ക്കായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഡേവിഡിന്റെ പിന്നീട് വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ശരീരത്തിൽ പരുക്കുകളുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ ആരംഭിച്ച ആദ്യദിവസം തന്നെ ഡേവിഡ് കൊലപാതകക്കുറ്റം സമ്മതിച്ചു. ശിക്ഷ വിധിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാനും ഇയാൾ വിസമ്മതിച്ചു. ലീഡ്സ് ക്രൗൺ കോടതി ഡേവിഡിന് ജീവപര്യന്തം തടവ് വിധിക്കുകയും കുറഞ്ഞത് 22 വർഷവും ഒരു മാസവും ജയിലിൽ കഴിയണമെന്ന് ഉത്തരവിടുകയും ചെയ്തു. അതിന് ശേഷമേ ഇയാൾക്ക് മോചനത്തിനായി പരിഗണിക്കപ്പെടാൻ സാധിക്കൂ.
Fashion ⏭️




