NEWS

പിണറായി, റിയാസ്, വീണ; വരും, ഒരേസമയം 2 അന്വേഷണം: കേസിലേക്ക് നീങ്ങാൻ ഇ.ഡി


തിരുവനന്തപുരം ∙ സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മരുമകനും എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെയും കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് അന്വേഷണം. ഒരേസമയം സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരും. കോടതി നിർദേശപ്രകാരം പിണറായി, മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്യും. ഇതിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയും കേസെടുക്കും. ഇതോടെ, 2 ഏജൻസികളുടെയും ചോദ്യംചെയ്യലിനു പിണറായിക്കു ഹാജരാകേണ്ടിവരും.വീണയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പിണറായി, റിയാസ് ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്കു ലഭിച്ചത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണമാണ് വീണയ്ക്കെതിരെ ഇ.ഡി നടത്തിയത്. അഴിമതി തടയൽ നിയമപ്രകാരം ക്രമക്കേടു കണ്ടെത്തിയാൽ അതിൽ നേരിട്ട് കേസെടുക്കാൻ ഇ.ഡിക്ക് അധികാരമില്ല. അതിനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്. പൊലീസോ വിജിലൻസോ എഫ്ഐആർ റജിസ്റ്റർ ചെയ്താൽ അതിന്റെ അടിസ്ഥാനത്തിൽ സ്വന്തംനിലയിൽ അന്വേഷണം നടത്താൻ ഇ.ഡിക്കാവും. അതിനുവേണ്ടിയാണ് പൊലീസിനോട് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടത്. ഫലത്തിൽ, പിണറായി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിന്റെ അന്വേഷണത്തിനല്ല, മറിച്ച് സ്വന്തം അന്വേഷണത്തിനു വഴിതുറക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തിയത്.


Fashion ⏭️

Back to top button