BUSINESS
അവാസ്തവം; തെറ്റിദ്ധരിപ്പിക്കല്‍: മസ്കിനെ തള്ളി ഇന്ത്യ; ജിയോ അതിവേഗം മുന്നോട്ടെന്ന് അകാശ് അംബാനി

തന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം ‘ചില പ്രഭുക്കൾ’ ഇടപെട്ട് തടഞ്ഞുവെന്നും അതാരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്നുമുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിനെ പ്രസ്താവനയെ തള്ളി കേന്ദ്രസർക്കാർ. മസ്കിന്റെ വാക്കുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം പ്രതികരിച്ചു. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവന രംഗത്തെ ചട്ടങ്ങളിൽ ഇന്ത്യ ഒരാളോടും പ്രത്യേക താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നവയ്ക്കാണ് ലൈസൻസ് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 3 കമ്പനികൾക്കാണ് ഇതിനകം ലൈസൻസ് നൽകിയത്.അതേസമയം, മസ്കിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി ഒരു ഇംഗ്ലിഷ് മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കാനുള്ള ജിയോയുടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുപോവുകയാണെന്ന് ഇന്ന് ആരംഭിച്ച ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ആകാശ് അംബാനി പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണെന്നും ആകാശ് അഭിപ്രായപ്പെട്ടു. ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവു തടയാൻ ശ്രമിക്കുന്നത് രാജ്യത്തെ ചില ‘പ്രഭുക്കൾ’ ആണെന്ന ഗുരുതര ആരോപണമാണ് ഇലോൺ മസ്ക് ഉന്നയിച്ചത്. ഇവർക്ക് ഇന്ത്യയിലെ ജനങ്ങൾക്കുമേലുള്ള കുത്തക അവകാശം നിലനിർത്താനാണ് സ്റ്റാർലിങ്കിനെ തടയുന്നതെന്നാണ് ആരോപണം. ആരെക്കുറിച്ചാണ് താനിതു പറയുന്നതെന്ന് എല്ലാവർക്കും ഊഹിക്കാമെന്നും ഇത് രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കുറ്റകൃത്യമാണെന്നും മസ്ക് പറഞ്ഞു. ഭരണതലത്തിൽ ഇടപെടാൻ സ്വാധീനമുള്ള പ്രഭുക്കൾ എന്ന അർഥം വരുന്ന ‘ഒലിഗാർക്ക്’ എന്ന പദമാണ് മസ്ക് ഉപയോഗിച്ചത്. റിലയൻസ് ജിയോ, എയർടെൽ അടക്കമുള്ള ടെലികോം ഗ്രൂപ്പുകളെ ഉന്നമിട്ടാണ് ആരോപണമെന്നാണ് വിലയിരുത്തൽ. ടെലികോം കമ്പനികളുടെ കൂടി സംഗമമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പരാമർശമെന്നതും ശ്രദ്ധേയമാണ്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ കടമ്പ കടന്നിട്ടില്ല. കാത്തിരിപ്പ് ഒരു വർഷത്തോളമായി നീളുകയാണ്.ടെലികോം റെഗുലേറ്ററി അതോറിറ്റി സ്പെക്ട്രം വില അന്തിമമാക്കിയാലുടൻ രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. എന്നാൽ ഇതിൽ തുടർനടപടികളുണ്ടായില്ല. റിലയൻസും എയർടെലും സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.
Travel ⏭️




