NEWS

‘സഹനം  മതി, ഇനി  ശബ്ദമുയർത്തേണ്ട  സമയം’: ഗാർഹികപീഡനത്തിനെതിരെ പൊലീസിന്റെ ‘സ്‌പീക്ക് അപ്പ്’ ദൗത്യസേന, അജീത ബീഗത്തിന് ചുമതല

രമേശ് ചെന്നിത്തല,​ അജീത ബീഗം ഐപിഎസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനം തടയാൻ കേരള പൊലീസ് ‘സ്‌പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേനയെ രൂപീകരിച്ചു. ഐജി അജീത ബീഗം ഐപിഎസിനാണ് സ്‌പീക്ക് അപ്പിന്റെ പ്രത്യേക ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന അഭ്യന്തര വകുപ്പ് പുറത്തിറക്കി.

ഗാർഹികപീഡനം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന മാർഗത്തിനുള്ള പിന്തുണയും ലഭ്യമാക്കുക എന്നതാണ് സ്‌പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. പീഡനങ്ങൾക്കിരയായി പരാതി നൽകാൻ കഴിയാത്ത സാഹചര്യമുള്ള സ്ത്രീകൾക്ക് സഹായം തേടാനുള്ള സംവിധാനവും സ്‌പീക്ക് അപ്പിലൂടെ ലഭ്യമാക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം.

പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളിൽ സ്പീക്ക് അപ്പ് പരാതിക്കാർക്ക് സഹായം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ് സ്പീക്കപ്പിൽ ഉണ്ടാകുക. അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും അതിന്റെ പ്രവർത്തനം.

‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമായി’ എന്ന സന്ദേശമാണ് സ്‌പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശി ചെന്നിത്തല പറഞ്ഞു.സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും ഇതിലൂടെ പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവി അജീത ബീഗം വ്യക്തമാക്കി.

English Summary

Kerala Police has launched ‘Speak Up,’ a special task force led by IG Ajeetha Beegam IPS, to curb rising domestic violence in the state. The mission aims to prevent abuse, provide legal aid, counseling, and support for survivors, and facilitate safe reporting mechanisms. It empowers women to seek justice against domestic perpetrators.
RELATED TOPICS: KERALAPOLICE, SPEAK UP, KERALA POLICE SPEAK UP LAUNCH, DOMESTIC VIOLENCE, AJEETHA BEEGAM IPS

Read News ⏭️

Back to top button