ദിവസം 600 രൂപ മുതൽ 2000 വരെ ശമ്പളം, എന്നിട്ടും മലയാളികൾക്ക് ഈ ജോലി വേണ്ട

തൊടുപുഴ: ഭക്ഷണ വ്യവസായമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിൽ തൊഴിലാളിക്ഷാമം രൂക്ഷമാകുന്നു. പാചകത്തിനും വിതരണത്തിനും ശുചീകരണത്തിനുമെല്ലാം ആളു കുറഞ്ഞതോടെ ഉടമകൾ നെട്ടോട്ടത്തിലാണ്. ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി ഒരിടത്തും നിൽക്കാത്തതും മലയാളികൾ ഈ മേഖലയോട് മുഖം തിരിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.
ജോലിക്കായി ഒരിടത്ത് കയറുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ വേതനം കിട്ടുമെന്ന് കണ്ടാൽ തൊട്ടടുത്ത ദിവസം തന്നെ യാതൊരുവിധ മടിയും കൂടാതെ മറ്റ് ഭക്ഷണശാലകളിലേക്ക് മുന്നറിയിപ്പ് പോലും നൽകാതെ ഒരു സുപ്രഭാതത്തിൽ ചേക്കേറുന്നതും പ്രതിസന്ധിയാണ്. കുടിശ്ശിക കിട്ടാനുള്ള കൂലി ഉറ്റവർ മരണപ്പെട്ടതായിപ്പോലും കളവുപറഞ്ഞു വാങ്ങുന്നവർ തൊട്ടടുത്ത ദിവസം അതേ സ്ഥലത്തുള്ള മറ്റൊരു സ്ഥാപനത്തിൽ പ്രത്യക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇത് തൊഴിലാളികളെ കമ്മിഷൻ അടിസ്ഥാനത്തിൽ ജോലിക്കായി എത്തിക്കുന്ന ഇടനിലക്കാർ മുതലെടുക്കുന്നതായും ആക്ഷേപമുണ്ട്.
മികച്ചവേതനമെങ്കിലും മലയാളികൾക്ക് വേണ്ട
ഹോട്ടൽ- ബേക്കറി- റെസ്റ്റോറന്റ് മേഖലയിൽ മിക്കയിടത്തും മികച്ച വേതനമാണ് തൊഴിലാളികൾക്ക് നൽകുന്നത്. ഇതിന് പുറമേ താമസവും ഭക്ഷണവും വേറെയും. ചെയ്യുന്ന ജോലിക്കനുസരിച്ച് മിനിമം 600 മുതൽ 2000 രൂപ വരെയാണ് പലയിടത്തും ശമ്പളം. മുന്തിയ ചില ഹോട്ടലുകളിൽ ഇതിന് പുറമെ ഭക്ഷണം സെർവ് ചെയ്യുന്ന തൊഴിലാളികൾക്ക് ടിപ്പും ലഭിക്കും. എത്രയൊക്കെ ആനുകൂല്യങ്ങൾ നൽകിയാലും രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കേണ്ടിവരുന്ന ഈ ജോലിയോട് മലയാളികൾക്ക് അത്ര താത്പര്യമില്ല. പുലർച്ചെ എഴുന്നേറ്റ് ജോലി ചെയ്യാനുള്ള വിമുഖതയും കഠിനാധ്വാനം ചെയ്യാനുള്ള മടിയുമൊക്കെയാണ് മലയാളികളുടെ വിമുഖതയ്ക്ക് പിന്നിലെന്നാണ് ഭക്ഷണസ്ഥാപന ഉടമകളുടെയും അഭിപ്രായം.
തനതു രുചിയും മാറി
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ തീൻ മേശയിൽ നിന്നും മലയാളികളുടെ തനത് വിഭവങ്ങളിലും അതിലെ ചേരുവകളിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ ജീവനക്കാർ എത്തിയതോടെ അവരുടെ ശൈലിയിൽ ആഹാരം പാകം ചെയ്യുന്നതാണ് കാരണം. അമിതമായ രീതിയിൽ നോർത്ത് ഇന്ത്യൻ മസാലക്കൂട്ടുകൾ ചേർക്കുന്നതാണ് രുചി ചോരാൻ കാരണം. ഇതിന് പുറമെ പലയിടത്തും ഇത്തരം തൊഴിലാളികൾ മലയാളികളുടേത് പോലെ ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ശുചിത്വം പാലിക്കാറില്ലെന്നും പൊതുവായ പരാതിയുണ്ട്.




