BUSINESS
വിഴിഞ്ഞം തുറമുഖം: ഓഹരി വിൽക്കാൻ അദാനിക്ക് ഇതുവരെ അനുമതിയായില്ല; കരാർ ലംഘിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ തുറമുഖ വകുപ്പ്

തിരുവനന്തപുരം ∙ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ 49% ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്കു (എംഎസ്‌സി) കൈമാറാനുള്ള അദാനിയുടെ ആവശ്യത്തിൽ 3 മാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക്, ‘അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല’ എന്നു തുറമുഖ വകുപ്പ് വ്യക്തമാക്കി. എന്നാൽ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ‘അദാനി ഗ്രൂപ്പ് കരാർ ലംഘനം നടത്തിയിട്ടുണ്ടോ’ എന്ന ചോദ്യത്തിനു തുറമുഖ വകുപ്പ് ഉത്തരം നൽകിയില്ല. ഓഹരി കൈമാറ്റം നിയമവകുപ്പിന്റെ പരിശോധനയിലാണെന്നാണ് അനൗദ്യോഗികമായി സർക്കാർ വിശദീകരിക്കുന്നത്. അനുമതി ആവശ്യപ്പെട്ടു ജൂലൈ 2നും 3നുമായി രണ്ട് അപേക്ഷകളാണ് അദാനി ഗ്രൂപ്പ് തുറമുഖവകുപ്പിനു നൽകിയത്. ആദ്യം നൽകിയ അപേക്ഷയിൽ ആവശ്യമായ വിവരങ്ങളില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് പിറ്റേന്നു പുതിയ അപേക്ഷ നൽകുകയായിരുന്നു. 2 അപേക്ഷകളും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഒരുവട്ടം പരിശോധിച്ചശേഷമാണു നിയമപരമായ പരിശോധനയ്ക്കു കൈമാറിയത്. യൂറോപ്യൻ ഷിപ്പിങ് കമ്പനിയായ എംഎസ്‍സി അവരുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) വഴി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ (എവിപിപിഎൽ) 139.7 കോടി ഡോളറിന്റെ (ഏകദേശം 13,270 കോടി രൂപ) നിക്ഷേപം നടത്താനാണു പദ്ധതിയിട്ടത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പുകാരായ എവിപിപിഎലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തിയായിരുന്നു നിക്ഷേപനീക്കം. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു വിവരം നൽകിയ അദാനി ഗ്രൂപ്പ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും (സെബി) വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖനിർമാണത്തിനും നടത്തിപ്പിനുമായി സർക്കാരും അദാനി ഗ്രൂപ്പും ഒപ്പുവച്ച കരാറിൽ, 25 ശതമാനത്തിൽ അധികമുള്ള ഓഹരി കൈമാറ്റത്തെ ഉടമസ്ഥതാകൈമാറ്റമായാണു വിശേഷിപ്പിക്കുന്നത്. ഓഹരി കൈമാറ്റത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതി തേടാതെ ഓഹരി കൈമാറ്റത്തിനു നീക്കം തുടങ്ങിയതാണു വിവാദമായത്. ഓഹരി കൈമാറ്റത്തിനു ജൂൺ 29നു പ്രാഥമിക കരാർ വച്ചശേഷമാണു സർക്കാരിനെ അറിയിച്ചത്. ഇക്കാര്യത്തിലെ അതൃപ്തി സർക്കാർ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു.
Travel ⏭️




