NEWS

മുസ്‌ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി വൈസ് പ്രസിഡന്റ്; ഒറ്റ പദവി നയം നടപ്പിലാക്കി മുസ്‌ലിം ലീഗ്


കോഴിക്കോട് ∙ ഒരാൾക്ക് ഒറ്റ പദവി നിലപാട് ഉറപ്പിച്ച് സംസ്ഥാന–ജില്ലാ ഭാരവാഹികളിൽ മാറ്റം വരുത്തി മുസ്‌ലിം ലീഗ്. സംസ്ഥാന ഭാരവാഹികളിൽ ചിലർ നിയമസഭാ സാമാജികരായി മാറിയതോടെയാണ് ഒറ്റ പദവി ഉറപ്പിക്കുന്ന തരത്തിൽ സംഘടനാ തലത്തിലെ ചില പദവികളിൽ മാറ്റം വരുത്തി പുതിയ ഭാരവാഹികളെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ കൂടിയായ ശ്യാം സുന്ദർ ലീഗിന്റെ വൈസ് പ്രസിഡന്റായി. ചരിത്രത്തിൽ ആദ്യമായാണ് മുസ്‌ലിം സമുദായത്തിനു പുറത്തുള്ള ഒരാൾ ഈ പദവിയിൽ എത്തുന്നത്.സംസ്ഥാന ജില്ലാ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിരുന്ന എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, പാറക്കൽ അബ്ദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, കല്ലത്ര മായിൻഹാജി, വി.ഇ.അബ്‌ദുൽ ഗഫൂർ തുടങ്ങിയവർ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ എംഎൽഎമാരായി മാറിയിരുന്നു. ഒറ്റപദവി ചട്ടം നടപ്പാക്കുന്നതിനൊപ്പം ജില്ലാ തലങ്ങളിലെ മറ്റ് ഒഴിവുകളിലേക്കും ലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ നിയമനം നടത്തി. ഇതുപ്രകാരം പി.അബ്ദുൽ ഹമീദ്(മലപ്പുറം), എ.അബ്‌ദുറഹ്മാൻ(കാസർകോട്), ശ്യാം സുന്ദർ (ഹരിപ്പാട്) എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി. പി.ഉബൈദുല്ല(മലപ്പുറം), കമാൽ മാക്കിയിൽ(ആലപ്പുഴ), റഫീഖ് മണിമല(കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരാക്കി. സംസ്ഥാന സെക്രട്ടേറിയറ്റിൽ ജി.മാഹീൻ അബൂബക്കർ(തിരുവനന്തപുരം), മുഹമ്മദ് ടി പാറാട്(കണ്ണൂർ) എന്നിവരെ ഉൾപ്പെടുത്തി. ആറു ജില്ലകളിലെ നേതൃനിരയിലും മാറ്റങ്ങളുണ്ട്. തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റായി നിസാർ മുഹമ്മദ് സുൽഫിയെയും ജനറൽ സെക്രട്ടറിയായി എം.മാഹീൻ അബൂബക്കർ കാട്ടാക്കടയേയും നിയോഗിച്ചു. ഹാരിസ് കരമന, ജസീം മഹാണി, ഫറാസ് മാറ്റപ്പള്ളി എന്നിവരാണ് ജില്ലാ സെക്രട്ടറിമാർ. കൊല്ലത്ത് ജില്ലാ ജനറൽ സെക്രട്ടറിയായി പോരേടം ബദറിനേയും സെക്രട്ടറിയായി കാട്ടൂർ ബഷീറിനെയും നിയോഗിച്ചു. എറണാകുളത്ത് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി അഷ്റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച്.മുഹമ്മദ് കുഞ്ഞിയേയും വൈസ് പ്രസിഡന്റായി പി.എ.അഹമ്മദ് കബീറിനെയും നിയോഗിച്ചു.യുഡിഎഫിൽ ഘടകകക്ഷികൾക്കുള്ള ബോർഡ് – കോർപറേഷൻ വീതംവയ്പ്പിലും കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇതുപ്രകാരം മുസ്‌ലിം ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും ആർഎസ്‌പിക്ക് മൂന്നും മറ്റു ഘടകകക്ഷികൾക്ക് ഓരോ അധ്യക്ഷ സ്ഥാനവും നൽകാനാണ് തീരുമാനം. മുൻ എംഎൽഎ പി.അബ്ദു‌ൽ ഹമീദ്, മുൻ മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, എം.സി.മായിൻ ഹാജി, ഞെരളത്ത് ഹരിഗോവിന്ദൻ, ഷാഫി ചാലിയം, പി.സുരേന്ദ്രൻ, പി.എം.സാദിഖലി, സി.പി. സെയ്തലവി, ഉമർ പാണ്ടികശാല, വനിതാ ലീഗിൽ നിന്ന് ജയന്തി രാജൻ, സുഹ്‌റ മമ്പാട് തുടങ്ങിയവരാണ് മുസ്‌ലിം ലീഗിൽ നിന്ന് ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവികളിലേക്കും അംഗങ്ങളായും മറ്റും നിർദേശിക്കപ്പെട്ടതെന്നാണ് വിവരം.


Fashion ⏭️

Back to top button