NEWS
റോഡ് വികസന പദ്ധതികളില്‍ കൂടുതല്‍ അനുയോജ്യമാകുക എലിവേറ്റഡ് ഹൈവേകൾ: മന്ത്രി പി.കെ. ബഷീർ

കോട്ടയം ∙ അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കൊതവറ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രോച്ച് റോഡിനുള്ള സ്ഥലം പഞ്ചായത്തോ പൊതുജനങ്ങളോ ലഭ്യമാക്കിയാൽ അനിവാര്യമായ സ്ഥലങ്ങളിലെല്ലാം പാലങ്ങള്‍ നിർമിച്ചുനൽകാൻ പൊതുമരാമത്ത് വകുപ്പ് തയാറാണ്. സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാനത്ത് എല്ലായിടത്തും ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ റോഡ് വികസന പദ്ധതികളില്‍ എലിവേറ്റഡ് ഹൈവേകളാണ് കൂടുതല്‍ അനുയോജ്യമാകുക- മന്ത്രി പറഞ്ഞു. പാലം നിർമാണം പൂർത്തിയാകുന്നതോടെ ഉല്ലല, കൊതവറ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. തലയാഴം ഗ്രാമപഞ്ചായത്തിൽ വൈക്കം- വെച്ചൂർ റോഡിലെ ഉല്ലല ജംഗ്ഷനിൽ നിന്നു കൊതവറയിലേക്കുള്ള റോഡിൽ മൂന്നുമീറ്റർ മാത്രം വീതിയുള്ള കൊതവറ പാലം കാലപ്പഴക്കത്തേത്തുടർന്ന് ജീർണിച്ച് അപകടാവസ്ഥയിലായിരുന്നു. വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 3.25 കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. 5.50 മീറ്റർ കാരിയേജ് വേയും ഒരു വശത്ത് 1.50 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ ആകെ 7.75 മീറ്റർ വീതിയുണ്ടാകും. 13.90 മീറ്റർ നീളത്തിൽ സിംഗിൾ സ്പാനായി നിർമിക്കുന്ന പാലത്തിന്‍റെ ഇരുവശങ്ങളിലും 60 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും പദ്ധതിയുടെ ഭാഗമാണ്. കാക്കനാട് ആസ്ഥാനമായ എ.എ. ആൻഡ് എസ്. കൺസ്ട്രക്ഷൻസാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്.
Fashion ⏭️




