HEALTH
ഫാറ്റി ലിവർ ഉള്ളവരാണോ? പ്രഭാതഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളിതാ…

രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ചായയും ബിസ്ക്കറ്റും കഴിക്കുക, അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഉപ്പുമാവോ കോൺഫ്ലേക്സോ. ഇത് പലരുടെയും ശീലമാണ്. എന്നാൽ ഫാറ്റി ലിവർ (Fatty Liver) പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ, ദിവസേനയുള്ള ഇത്തരം ഭക്ഷണരീതികളെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.പ്രഭാതഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ ഗുണനിലവാരം, ചേർക്കുന്ന പഞ്ചസാരയുടെ അളവ്, നാരുകളുടെ (Fibre) സാന്നിധ്യം എന്നിവ കരളിന്റെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. പഞ്ചസാര കൂടുതലടങ്ങിയതും, ഫൈബറും പ്രോട്ടീനും കുറഞ്ഞതുമായ ഭക്ഷണങ്ങൾ ഫാറ്റി ലിവർ കൂടുതൽ സങ്കീർണ്ണമാക്കാം. ഫാറ്റി ലിവർ ഉള്ളവർ നിയന്ത്രിക്കേണ്ട ചില പ്രഭാതഭക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ദ്ധ ശില്പ ചൗള.സിറിയലുകളും കോൺഫ്ലേക്സുംരാവിലെ പെട്ടെന്ന് തയ്യാറാക്കാം എന്നതിനാൽ പാലിൽ കോൺഫ്ലേക്സ് ഇട്ട് കഴിക്കുന്നത് പലരും എളുപ്പവഴിയായി കാണാറുണ്ട്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം പ്രൊസസ്ഡ് സിറിയലുകളിൽ, ഉയർന്ന അളവിൽ പഞ്ചസാരയും സംസ്കരിച്ച ധാന്യങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഫൈബറിന്റെ അളവ് വളരെ കുറവായിരിക്കും. ഇതിന് പകരമായി പഞ്ചസാര ചേർക്കാത്ത, ഹോൾഗ്രെയിൻ ഓട്സോ ധാന്യങ്ങളോ തിരഞ്ഞെടുത്ത്, അതിൽ പഴങ്ങളും നട്സും ചേർത്ത് കഴിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം.ചായ, ബിസ്ക്കറ്റ്, ടോസ്റ്റ്രാവിലെ ഒരു കപ്പ് ചൂട് ചായയ്ക്കൊപ്പം ബിസ്ക്കറ്റോ ബ്രെഡ് ടോസ്റ്റോ കഴിക്കുന്നത് ഒരു ലഘുഭക്ഷണമായി തോന്നാം. എന്നാൽ ഇത് ശരീരത്തിലേക്ക് ഉയർന്ന അളവിൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റും പഞ്ചസാരയുമാണ് എത്തിക്കുന്നത്. പെട്ടെന്ന് വയർ നിറയ്ക്കുമെങ്കിലും ശരീരത്തിന് ആവശ്യമായ പ്രോട്ടീനോ ഫൈബറോ നൽകുന്നില്ലെന്ന് മാത്രമല്ല, പോഷകസമ്പന്നമായ മറ്റ് ഭക്ഷണങ്ങൾ കഴിക്കാനുള്ള വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും.
Cinema ⏭️




