സർക്കാർ ആശുപത്രികളിലെ മരുന്നുലഭ്യത ഉറപ്പാക്കാൻ നിരീക്ഷണസമിതി

തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി നിരീക്ഷണസംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ്. മരുന്നുലഭ്യത സംബന്ധിച്ച പരാതികൾ പരിശോധിച്ചും യഥാർത്ഥസ്ഥിതി നേരിട്ട് മനസ്സിലാക്കിയും മരുന്നുക്ഷാമത്തിന് മുമ്പുതന്നെ പരിഹാരനടപടി സ്വീകരിക്കാൻ ജില്ലാതല മരുന്നുലഭ്യതനിരീക്ഷണസമിതി രൂപീകരിക്കും. ഇതിന്ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
അഡീഷണൽ ഡി.എം.ഒ(ഹെൽത്ത്)അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ(ഹെൽത്ത്) സമിതിയുടെ കൺവീനറായിരിക്കും. ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ/ഡ്രഗ്സ് ഇൻസ്‌പെക്ടർ, ഫാർമസി സ്റ്റോർ സൂപ്രണ്ട്/ഫാർമസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, കെ.എം.എസ്.സി.എൽ. വെയർഹൗസ് മാനേജർ എന്നിവർ അംഗങ്ങളാകും. കൂട്ടായ ഇടപെടലിലൂടെ മരുന്നുലഭ്യത സുഗമമാക്കുമെന്നും
സ്റ്റോക്കുണ്ടെന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനമാനദണ്ഡമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്റ്റോക്ക് നില മുൻകൂട്ടി നിരീക്ഷിച്ച് കുറവുണ്ടാകാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് ഇടപെടുന്നതിനാണ് സംവിധാനമൊരുക്കുന്നത്.
ജില്ലാതലസമിതി ആശുപത്രിരേഖകളെ മാത്രം ആശ്രയിക്കാതെ ഫാർമസികളിലും സ്റ്റോറുകളിലും പരിശോധിച്ച് മരുന്നുലഭ്യത വിലയിരുത്തണം.
ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളിൽ കാണിച്ചാലും ഫാർമസിയിൽ സ്റ്റോക്ക് കുറവാണോ, വിതരണത്തിൽ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് മതിയാകും തുടങ്ങിയവ പരിശോധിക്കണം.
ആശുപത്രിയിൽ ചില മരുന്നുകൾ അധികമായി ലഭ്യമാണെങ്കിൽ അവ മറ്റൊരു ആശുപത്രിയിലെത്തിക്കുന്നതിനും ഇടപെടും.
ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച്, ഓരോ ആഴ്ചയും നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ മരുന്നുലഭ്യത സംബന്ധിച്ച റിപ്പോർട്ട് നൽകണം. ജില്ലാ ജനറൽ ആശുപത്രികൾ വരെയുള്ളവയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ കോളേജുകളിലേത് മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടർക്കും സമർപ്പിക്കണം.
ആശുപത്രിയിലെ ലഭ്യമായ മരുന്നുകളുടെ പട്ടിക, കുറവുള്ളവ, രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ആവശ്യകത, ആവശ്യമായി വരാനിടയുള്ളവ, കുറവിന്റെ കാരണം, കെ.എം.എസ്.സി.എൽ.വഴി ലഭിക്കാനുള്ള മരുന്നുകളുടെ വിവരം, സ്വീകരിച്ച പരിഹാരനടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാകും.
ഗുരുതരമരുന്നുക്ഷാമം കണ്ടെത്തിയാൽ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ല. അധികൃതരെ അറിയിച്ച് മരുന്നുകൾ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.




