LIFESTYLE

തുടർപരാജയങ്ങൾക്ക് ശേഷം വമ്പൻ തിരിച്ചുവരവ്! അക്ഷയ് ഖന്ന സ്വന്തമാക്കിയത് 33.26 കോടിയുടെ ആഡംബരവീട്


ബോളിവുഡിന്റെ മായാലോകത്ത് തനതായ അഭിനയശൈലി കൊണ്ട് സ്വന്തമായൊരു സ്ഥാനം പടുത്തുയർത്തിയ നടനാണ് അക്ഷയ് ഖന്ന. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ജീവിതരീതിയിലും എപ്പോഴും വേറിട്ട വഴികൾ തിരഞ്ഞെടുക്കുന്ന നടൻ, ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് മേഖലകളിലൊന്നായ ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ പുതിയൊരു ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ്. 33.26 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്മെന്റാണ് താരം വാങ്ങിയിരിക്കുന്നത്.കോടികളുടെ ഇടപാട് പ്രമുഖ റിയൽ എസ്റ്റേറ്റ് ഡേറ്റ പ്ലാറ്റ്‌ഫോമായ ‘സ്ക്വയർ യാർഡ്സ്’ പരിശോധിച്ച റജിസ്ട്രേഷൻ രേഖകൾ പ്രകാരമാണ് ഈ വൻകിട വസ്തു ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നത്. 2026 സെപ്റ്റംബറിലാണ് അപ്പാർട്മെന്റിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. 2,516.84 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിന്റെ ആകെ വിസ്തീർണം. 2,341.39 ചതുരശ്ര അടി കാർപെറ്റ് ഏരിയ, 175.45 ചതുരശ്ര അടി ബാൽക്കണി, 3 വാഹനങ്ങൾക്കുള്ള പ്രത്യേക പാർക്കിങ് യൂണിറ്റുകൾ എന്നിവയാണ് അപ്പാർട്മെന്റിന്റെ സവിശേഷതകൾ. ഈ വൻകിട ഇടപാടിനായി 1.99 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടിയും 30,000 രൂപ റജിസ്ട്രേഷൻ ഫീസായും ചെലവഴിച്ചു.എന്തുകൊണ്ട് മലബാർ ഹിൽ? മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട പാർപ്പിട മേഖലകളിലൊന്നാണ് അറബിക്കടലിനോട് ചേർന്നുനിൽക്കുന്ന മലബാർ ഹിൽ. കോടീശ്വരന്മാരും പ്രമുഖ വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും അധിവസിക്കുന്ന ഈ നഗരഭാഗം, പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ഇടം കൂടിയാണ്. നരിമാൻ പോയിന്റ്, ഫോർട്ട്, ലോവർ പരേൽ തുടങ്ങിയ പ്രധാന ബിസിനസ് ഹബ്ബുകൾക്കും അടുത്താണ് മലബാർ ഹില്ലിനെ പ്രിയങ്കരമാക്കുന്നു. പ്രശസ്തമായ സ്കൂളുകൾ, ആശുപത്രികൾ, മികച്ച റസ്റ്ററന്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദ സ്ഥലങ്ങൾ എന്നീ സൗകര്യങ്ങളും ഈ പ്രദേശത്തുണ്ട്. അതിലുപരി, പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഹാങ്ങിങ് ഗാർഡൻസ്, കമല നെഹ്‌റു പാർക്ക്, പുരാതനമായ ബംഗംഗ ടാങ്ക്, വാൽക്കേശ്വർ ക്ഷേത്രം എന്നിവ മലബാർ ഹില്ലിന്റെ മറ്റ് പ്രത്യേകതകളാണ്.വെള്ളിത്തിരയിലെ വിസ്മയം: അക്ഷയ് വിനോദ് ഖന്ന ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ നടൻ വിനോദ് ഖന്നയുടെ മകനായി ബോളിവുഡിലേക്ക് കടന്നുവന്ന അക്ഷയ് ഖന്ന, പിതാവിന്റെ തണലിലല്ലാതെ സ്വന്തം പ്രകടനം കൊണ്ടുമാത്രം സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു. സൂപ്പർസ്റ്റാർഡത്തിനേക്കാൾ അഭിനയത്തിലെ മികവിനാണ് അക്ഷയ് എപ്പോഴും മുൻഗണന നൽകിയത്. പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്ര ജീവിതത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. ‘ഗാന്ധി, മൈ ഫാദർ’, ‘ദിൽ ചാഹ്താ ഹേ’യിലെ സിദ്ധാർഥ്, ‘ഹൽചൽ’ എന്ന കോമഡി ചിത്രം, ‘റേസ്’, ‘ദൃശ്യം’ എന്നീ ത്രില്ലറുകളിലെ വേഷങ്ങൾ,അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ആക്ഷൻ ചിത്രമായ ‘ഛാവ’യിലെ ഔറംഗസേബ് എന്ന കഥാപാത്രവും, സ്പൈ ആക്ഷൻ ത്രില്ലറായ ‘ധുരന്ധറി’ലെ റഹ്മാൻ ഡകൈറ്റ് എന്ന വേഷവും വൻ പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടി. ബോളിവുഡിലെ എക്കാലത്തെയും ഉയർന്ന കല‌ക്‌ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഈ വേഷങ്ങളിലൂടെ താൻ ഇന്നും ബോളിവുഡിലെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. ***ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഈ ചിത്രം akshaye_khanna_ എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.


Cinema ⏭️

Back to top button