NEWS

വിരട്ടേണ്ട; യുഎസിനോട് കടുപ്പിച്ച് ജയശങ്കറും ഗോയലും, ഹോർമുസിൽ സ്ഥിതി രൂക്ഷം, പലിശയിലും നെഞ്ചിടിപ്പ്, സ്വർണവില ഇടിയുന്നു


പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കും ഉൾപ്പെടെയുള്ള തിരിച്ചടികളെ തുടർന്ന് തുടർച്ചയായി നഷ്ടത്തിലേക്ക് വീഴുന്ന ഇന്ത്യൻ ഓഹരി വിപണിയെ ഈയാഴ്ചയും കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ സംഘർഷത്തിന് അയവുവരുത്താനുള്ള ഖത്തറിന്റെയും പാക്കിസ്ഥാന്റെയും ഇടപെടലുകൾ പാളി. ഇറാനും യുഎസും പരസ്പരം പോർവിളി തുടരുകയാണ്. ഇറാന് ഉപരോധത്തിൽ ഒരിളവും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ട്രംപ്, പശ്ചിമേഷ്യയിലേക്ക് മൂന്നാംപടക്കപ്പലും 10,000 സൈനികരെയും അയച്ചതും സ്ഥിതി സങ്കീർണമാക്കി. ഇതിനിടെ എരിതീയിൽ എണ്ണയെന്നോണം ഹൂതികളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്.  ഇന്ത്യ-യുഎസ് കരാർ ഉടനില്ല ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കഴിഞ്ഞയാഴ്ച ഫോണിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാവില്ലെന്ന് യുഎസ് വ്യാപാര ചർച്ചാപ്രതിനിധി ജേമിസൺ ഗ്രീർ പറഞ്ഞു. ഒട്ടേറെ തർക്ക വിഷയങ്ങളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗ്രീർ വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ പേരിൽ 100% തീരുവ ചുമത്തുമെന്ന് ചൂണ്ടിക്കാട്ടി  ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള യുഎസ് തന്ത്രമാണ് കരാറിനും വിലങ്ങുതടിയാകുന്ന ഒരു ഘടകം. മറ്റൊന്ന്, സെക്ഷൻ 301 പ്രകാരം ഇന്ത്യയ്ക്കുമേൽ യുഎസ് നടത്തിയ അന്വേഷണമാണ്. റഷ്യൻ എണ്ണ എങ്ങും പോവില്ലെന്ന് ജയശങ്കർ; തുറന്നടിച്ച് ഗോയലും വിരട്ടേണ്ടെന്നും എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യ തീരുമാനിക്കുമെന്നും കേന്ദ്രസർക്കാർ യുഎസിനോട് വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ എങ്ങും പോവില്ലെന്നും തുടർന്നും വാങ്ങുമെന്നും എംപിമാരുടെ പാനലിനോട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. റഷ്യയുമായുള്ള ബന്ധം നിലനിർത്തുമെന്നും ജയശങ്കർ പറഞ്ഞു. കയറ്റുമതി, ഉൽപാദനം, തൊഴിൽ എന്നിവയിലെ ചട്ടലംഘനങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണം. ഇത്തരം ആരോപണങ്ങളൊക്കെ ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവു വേണമെന്നും വെറും തോന്നലിന്റെ പേരിലാകരുതെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും തുറന്നടിച്ചു. സ്ഥിതി രൂക്ഷമാക്കി ഹൂതികൾ; കുതിക്കാൻ എണ്ണവില സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ അരാംകോ എണ്ണ ഫാക്ടറിക്കുനേരെ അതിരൂക്ഷമായ വ്യോമാക്രമണമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണം നടന്നതായി സൗദിയോ അരാംകോയോ സ്ഥിരീകരിച്ചിട്ടില്ല. ഹോർമുസ് കടക്കുന്നതിനിടെ കുവൈത്തിന്റെ എണ്ണ ടാങ്കറായ എംടി ഖാസിമയും ആക്രമിക്കപ്പെട്ടു. കപ്പലിലെ ജീവനക്കാരായ 5 ഇന്ത്യക്കാരെ രക്ഷിച്ചതായി ഒമാനിലെ ഇന്ത്യൻ എംബിസി അറിയിച്ചിട്ടുണ്ട്.  പശ്ചിമേഷ്യയിൽ ആക്രമണങ്ങൾ മുറുകുന്നത് വിപണിയിൽ ഇന്ധനക്ഷാമം കടുക്കാനിടയാക്കും. രാജ്യാന്തര എനർജി എജൻസിയിൽ (ഐഇഎ) അംഗമായ രാജ്യങ്ങൾ ഇന്ധനക്ഷാമം പരിഹരിക്കാൻ അവരുടെ കരുതൽ ശേഖരത്തിൽ നിന്ന് 32.5 കോടി ബാരൽ ക്രൂഡോയിൽ അടിയന്തരമായി വിപണിയിലിറക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 10 കോടി ബാരൽ ഡീസൽ നൽകാനും തീരുമാനിച്ചു. എങ്കിലും, അരാംകോയ്ക്ക് എതിരെ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ ക്രൂഡോയിൽ വില തിങ്കളാഴ്ച വീണ്ടും കുതിച്ചുയരാൻ ഇടവരുത്തിയേക്കാം. കഴിഞ്ഞയാഴ്ച ബാരലിന് 99 ഡോളറിലേക്ക് താഴ്ന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 102.3 ഡോളറിലാണ്. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 89 ഡോളറിൽ നിന്ന് 91.11 ഡോളറിലുമെത്തി. നെഞ്ചിടിപ്പ് കൂട്ടി ഡോളറും ബോണ്ടും ഇന്ധനക്ഷാമവും വിലക്കയറ്റവും ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പണപ്പെരുപ്പ ഭീതിക്ക് തടയിടാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടാനൊരുങ്ങുന്നതാണ് വിപണികളെ ഉലയ്ക്കുന്ന മറ്റൊരു പ്രതിസന്ധി. യുഎസിൽ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി പൊളിഞ്ഞുവീണിരുന്നു. എങ്കിലും, അടിസ്ഥാന പലിശനിരക്ക് കൂട്ടുകയെന്ന നിലപാടിൽ നിന്ന് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പൂർണമായും വിട്ടുനിൽക്കില്ലെന്ന വിലയിരുത്തലും വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പലിശ കൂടുമെന്ന വാദങ്ങളുള്ളതിനാൽ ഡോളറും ബോണ്ട് യീൽഡും ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയരത്തിലേക്ക് എത്തിയതാണ് ഇന്ത്യൻ വിപണിയുടെ മറ്റൊരു പ്രതിസന്ധി. യുഎസ് ഡോളർ സൂചിക കഴിഞ്ഞയാഴ്ച 102ൽ എത്തി. 2025 ഏപ്രിലിന് ശേഷം കുറിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 2022ന് ശേഷമുള്ള ഉയരമായ 5.34 ശതമാനവും തൊട്ടു. ബോണ്ടുനിക്ഷേപം ആകർഷകമാകുന്നതിനാൽ ഇന്ത്യൻ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപം പിൻവലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കുകയാണ് വിദേശ നിക്ഷേപകർ. വെല്ലുവിളികളെ തുടർന്ന് തുടർച്ചയായ 8-ാം ആഴ്ചയിലാണ് ഇന്ത്യൻ ഓഹരികൾ നഷ്ടത്തിലേക്കു വീണത്. 25 വർഷത്തിനിടെ ഇത്ര നീണ്ട നഷ്ടക്കാലം ഇതാദ്യം. പലിശ കൂട്ടാൻ റിസർവ് ബാങ്ക് റിസർവ് ബാങ്കിന്റെ പണനയ നിർണയ യോഗം നാളെ തുടങ്ങുമെന്നതും ഇന്ത്യൻ വിപണിയുടെ ടെൻഷൻ കൂട്ടുന്നു. പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാൽ ഇന്ത്യയും പലിശഭാരം കൂട്ടുന്ന ട്രെൻഡിലേക്ക് കടന്നേക്കും. ഒക്ടോബർ 7ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.25% കൂട്ടിയേക്കാം. ഡിസംബറിലെ യോഗത്തിലും 0.25% വർധന പ്രതീക്ഷിക്കുന്നു. ഇത് വായ്പാത്തിരിച്ചടവ് ഭാരമുയർത്തും. കമ്പനികളുടെ പ്രവർത്തനച്ചെലവിനെ ബാധിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടുമെന്നത് സാധാരണക്കാരെയും ബാധിക്കും. ഉപഭോക്തൃവിപണിക്കും തിരിച്ചടിയാകും. കോർപറേറ്റ് കമ്പനികളുടെ ജൂലൈ-സെപ്റ്റംബർ‌പാദ പ്രവർത്തനഫലങ്ങൾ ഉടൻ പുറത്തുവന്നു തുടങ്ങുമെന്നതാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം. പ്രവർത്തനഫലങ്ങൾ നിരാശപ്പെടുത്തിയാൽ ഓഹരി വിപണി വിറ്റൊഴിയൽ സമ്മർദത്തിൽ മുങ്ങും.  കുതിക്കാൻ കഴിയാതെ സ്വർണവില യുഎസിന്റെ ആശാവഹമല്ലാത്ത തൊഴിൽക്കണക്ക് പുറത്തുവന്നതിന് പിന്നാലെ ഔൺസിന് 4200 ‍ഡോളറിലേക്ക് ഉയർന്ന രാജ്യാന്തര സ്വർണവിലയ്ക്ക് നേട്ടം നിലനിർത്താനായില്ല. പലിശപ്പേടി നിലനിൽക്കുന്നതും ബോണ്ട് യീൽഡും ഡോളറും ശക്തമായതും സ്വർണത്തിന് തിരിച്ചടിയായി. ഇപ്പോൾ‌ 31 ഡോളർ താഴ്ന്ന് 4140 ഡോളറിലാണ് വില. രാജ്യാന്തര വെള്ളിവിലയും 62 ഡോളറിലേക്ക് ഉയർന്നശേഷം 60.4 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ ഇന്നലെ ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 13,675 രൂപയായിരുന്നു. 800 രൂപ കുറഞ്ഞ് 1,09,400 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 11,235 രൂപയിലെത്തി. വെള്ളിവില മാറിയില്ല; ഗ്രാമിന് 235 രൂപ.


Fashion ⏭️

Back to top button