NEWS
കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; പൈപ്പ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലൻസ്: ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

മലപ്പുറം∙ മലപ്പുറം തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ നാടകീയമായി അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് തിരൂരങ്ങാടി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എസിനെ വിജിലൻസ് അറസ്റ്റ് ചെയ്യാനെത്തിയത്. ശ്രീജി താമസിച്ചിരുന്ന വാടക്കെട്ടിടത്തിലെത്തി കൈക്കൂലി നൽകണമെന്ന് പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാതിക്കാരി വിജിലൻസിനെ അറിയിച്ചു.വിജിലൻസ് നിർദേശിച്ച പ്രകാരം മുറിയിലെത്തി പരാതിക്കാരി ശ്രീജിക്ക് പണം കൈമാറിയ ശേഷം തിരിച്ചുവന്നതിനു പിന്നാലെ വിജിലൻസ് സംഘം മുറിയിലേക്ക് ഇരച്ചെത്തി വാതിലിൽ മുട്ടി. ഈ സമയം സംശയം തോന്നിയ ശ്രീജി കൈക്കൂലിപ്പണം ടോയ്ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു. വിജിലൻസ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ശ്രീജി നൽകിയത്. തുടർന്ന് മണിക്കൂറുകളോളം ശ്രീജിയുടെ താമസ സ്ഥലത്തും കെട്ടിടത്തിനു പിന്നിലെ കാടുപിടിച്ച പറമ്പിലും വിജിലൻസ് പരിശോധന നടത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം ക്ലോസറ്റിലിട്ട വിവരം ഇയാൾ വിജിലൻസിനോട് സമ്മതിച്ചത്. തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയിൽ പൈപ്പിൽ ബെന്റുകളിൽ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.
Fashion ⏭️




