NEWS

സ്വർണത്തിന് ‘ഇടക്കാല’ വില വർധന; കേരളത്തിലും ഉയർന്നു, ഇനി വരുന്നത് വില ഇടിവിന്റെ ദിനങ്ങൾ?


സ്വർണവില പ്രതികൂല സാഹചര്യങ്ങൾക്കിടെ കേരളത്തിലും ആഭ്യന്തര വിപണിയിലും ഇന്ന് നേരിയ തോതിൽ ഉയർന്നു. രാജ്യാന്തര വില ഔൺസിന് 9 ഡോളർ ഉയർന്ന് 4182 ഡോളറിലാണുള്ളത്. കേരളത്തിൽ ഇന്നലെ നില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വില 4166.30 ഡോളർ ആയിരുന്നു; ഇന്ന് വില നിശ്ചയിച്ചപ്പോൾ 4174.30 ഡോളറും. അതായത്, ഇന്ന് കേരളത്തിൽ വില നിശ്ചയിച്ച് കഴിഞ്ഞും രാജ്യാന്തര വില ഉയർന്നു. ഗ്രാമിന് 95 രൂപ വർധിച്ച് 13,775 രൂപയാണ് കേരളത്തിൽ ഇന്നത്തെ സ്വർണവില. 760 രൂപ ഉയർന്ന് പവൻവില 1,10,200 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കൂടി 11,315 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 235 രൂപ. ഇനി വില ഇടിവിന്റെ ദിനങ്ങൾ? സ്വർണത്തിന്റെ ഇപ്പോഴത്തെ വിലക്കയറ്റം ‘താൽക്കാലികം’ മാത്രമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡ്, യുഎസ് ഡോളർ സൂചിക എന്നിവ നേരിയതോതിൽ താഴ്ന്നതാണ് വില കൂടാനിടയാക്കിയത്. എന്നാൽ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടാനുള്ള സാധ്യത ശക്തമായതിനാലും പശ്ചിമേഷ്യയിൽ‌ സ്ഥിതി കൂടുതൽ സങ്കീർണമാകുന്നതിനെ തുടർന്ന് എണ്ണവില വർധിക്കുന്നതിനാലും സ്വർണവില വരുംദിവസങ്ങളിൽ ഇടിയുമെന്നാണ് അനലിസ്റ്റുകൾ വാദിക്കുന്നത്. വൈകിട്ടാണ് പരിപാടി! യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഉടൻ കൂടുമോ എന്നതിന്റെ പ്രാഥമിക സൂചന ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ കിട്ടും. യുഎസിന്റെ സെപ്റ്റംബറിലെ തൊഴിൽക്കണക്ക് ഇന്ന് വൈകിട്ടാണ് പുറത്തുവരുന്നത്. തൊഴിലുകൾ ഉയർന്നെന്നാണ് റിപ്പോർട്ടെങ്കിൽ സമ്പദ്‍വ്യവസ്ഥ ശക്തമാണെന്നും പണപ്പെരുപ്പത്തെ നേരിടാനായി പലിശനിരക്ക് കൂട്ടാമെന്നും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ ഡോളറും ബോണ്ട് യീൽഡും കരുത്തുനേടുകയും സ്വർണവില ഇടിയുകയും ചെയ്യും.


Fashion ⏭️

Back to top button