NEWS

പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’; 1436.4 ലീറ്റർ എണ്ണ പിടിച്ചെടുത്തു


തിരുവനന്തപുരം∙ ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. സെപ്റ്റംബർ 29, 30 തീയതികളിൽ നടത്തിയ പരിശോധനയിൽ 1,834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. 1436.4 ലീറ്റർ പാചക എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 74 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചതായും മന്ത്രി വ്യക്തമാക്കി. 19 സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികൾക്ക് ശുപാർശ ചെയ്തു. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങി വൻതോതിൽ എണ്ണപ്പലഹാരങ്ങളും വറുത്ത ഭക്ഷ്യവിഭവങ്ങളും തയാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.∙ ടി.പി.സി 25% കടന്നാൽ അപകടം എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ചയുടെ സൂചകമാണ് ടി.പി.സി. നിലവിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ടി.പി.സി. 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യ എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോൾ അതിൽ രാസവിഘടനം സംഭവിക്കുകയും പോളാർ സംയുക്തങ്ങൾ ഉൾപ്പെടെയുള്ള വിഘടന ഉൽപ്പന്നങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഗുണമേന്മ നഷ്ടപ്പെട്ട എണ്ണയുടെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾക്കു ഇടയാക്കും. വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾ എണ്ണയുടെ ഉപയോഗവും നിർമാർജനവും സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണം. ഉപയോഗിച്ച എണ്ണ അംഗീകൃത ഏജൻസികൾക്ക് ബയോഡീസൽ നിർമാണത്തിനായി കൈമാറണം.  


Fashion ⏭️

Back to top button