NEWS
മെൻസ് ഹോസ്റ്റലിൽ ഇത്രയും മദ്യക്കുപ്പി എങ്ങനെ? പരിശോധനയ്ക്ക് സർക്കാർ, തൂഫാൻ റെയ്ഡാണ് വേണ്ടതെന്ന് മന്ത്രി

തിരുവനന്തപുരം∙ ഇന്നലെ രാത്രി തലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പരിശോധന നടത്താൻ ഒരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ മെൻസ് ഹോസ്റ്റലിൽനിന്നു മദ്യക്കുപ്പികളും കല്ലും വലിച്ചെറിഞ്ഞതാണ് സംഘർഷത്തിനു കാരണമെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ എങ്ങനെയാണ് ഇത്രത്തോളം മദ്യക്കുപ്പികൾ വന്നതെന്നു പരിശോധിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.പ്രത്യേക സമിതി രൂപീകരിച്ചു സമഗ്രമായ അന്വേഷണം നടത്തും. ഇതു സംബന്ധിച്ച് അടുത്തു തന്നെ ഉത്തരവു പുറത്തിറക്കും. കേരള സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള മെൻസ് ഹോസ്റ്റലിൽ സംഭവസമയം പുറത്തുനിന്നുള്ള ആളുകൾ എത്തിയിരുന്നുവെന്നും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വർഷങ്ങളായി മെൻസ് ഹോസ്റ്റൽ എസ്എഫ്‌ഐ കൈയ്യടക്കി വച്ചിരിക്കുകയാണെന്നും പുറത്തുനിന്നുള്ള വിദ്യാർഥികൾ അല്ലാത്തവരും അവിടെ സ്ഥിരതാമസമാണെന്നും കെഎസ്‌യു ഉൾപ്പെടെ ആരോപിക്കുന്നുണ്ട്. അവിടെ തൂഫാൻ റെയ്ഡ് ആയിരുന്നു നടത്തേണ്ടിയിരുന്നതെന്ന് മന്ത്രി ഒ.ജെ.ജനീഷും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Fashion ⏭️




