NEWS
തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ ജയിപ്പിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജനാധിപത്യത്തിന് അപമാനം: പി.എം.എ സലാം

കോഴിക്കോട് ∙ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നാൽ ഈ രാജ്യത്തെ ജനാധിപത്യത്തിന് പ്രസക്തിയില്ലാതാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ജനാധിപത്യ ഇന്ത്യയുടെ അഭിമാനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയാണ് തകർന്നത്. എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടാണ് നടന്നത്. സഹ കമ്മിഷണർമാർ തന്നെ തള്ളിപ്പറഞ്ഞ ഗ്യാനേഷ് കുമാറിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അർഹതയും യോഗ്യതയുമില്ല. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയെ ജയിപ്പിക്കുന്ന നടപടികൾക്ക് നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ഗ്യാനേഷ് കുമാർ ആ കസേരയിൽ ഇരിക്കുന്ന ഓരോ നിമിഷവും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കടുത്ത ഭീഷണിയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 4ന് മണ്ഡലം തലങ്ങളിൽ മുസ്‌ലിം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. എസ്ഐആർ റദ്ദാക്കുകയും ഗ്യാനേഷ് കുമാർ രാജിവയ്ക്കുകയും വേണമെന്ന ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ജ്വാലക്ക് അതാത് മണ്ഡലങ്ങളിലെ ഭാരവാഹികൾ നേതൃത്വം നൽകും. ഈ വിഷയത്തിൽ നടന്നുവരുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ലീഗിന്റെ ഐക്യദാർഢ്യം കൂടിയാണിതെന്ന് അദ്ദേഹം അറിയിച്ചു.
Fashion ⏭️




