HEALTH
പ്രത്യേക മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി യു.എസ്; ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾക്ക് ആശ്വാസം | US Waives Tariffs On Specialty Drugs From India, 19 Other Countries

വാഷിങ്ടൺ: അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസം നൽകിക്കൊണ്ട് സുപ്രധാന പ്രഖ്യാപനവുമായി അമേരിക്ക. അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ, ഫെർട്ടിലിറ്റി ചികിത്സകൾ, നൂതന ജീൻ തെറാപ്പികൾ, അഡ്വാൻസ്ഡ് സെൽ തെറാപ്പികൾ എന്നിവയുൾപ്പെടെ പ്രത്യേക മരുന്നുകളെയും അവയുടെ നിർമാണ സാമഗ്രികളെയും ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയതായി യു.എസ് പ്രഖ്യാപിച്ചു. പേറ്റന്റ് എടുത്ത ചില ഔഷധ ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ചുമത്താനുള്ള യു.എസിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ഇളവ്. ഇന്ത്യക്ക് പുറമെ അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, ഇക്വഡോർ, എൽ സാൽവഡോർ, യൂറോപ്യൻ യൂണിയൻ, ഗ്വാട്ടിമാല, ഇന്തോനേഷ്യ, ജപ്പാൻ, ജോർഡൻ, മലേഷ്യ, നോർത്ത് മാസിഡോണിയ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റീൻ, തായ്‌വാൻ, തായ്‌ലൻഡ്, ബ്രിട്ടൻ, വിയറ്റ്നാം എന്നീ 19 രാജ്യങ്ങൾക്കാണ് തീരുവ ഒഴിവാക്കിയത്. അമേരിക്കയുമായുള്ള വ്യാപാര-സുരക്ഷാ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളെ സീറോ-ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എസ് കൊമേഴ്‌സ് വകുപ്പാണ് ഫെഡറൽ രജിസ്റ്റർ വഴി ഈ ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രിൽ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ പുതിയ നിയന്ത്രണങ്ങളും ഇളവുകളും നടപ്പിലാക്കിയിരിക്കുന്നത്. വ്യാപാര വിപുലീകരണ നിയമത്തിലെ സെക്ഷൻ 232 അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങളുടെ തീരുവ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പേറ്റന്റ് എടുത്ത മരുന്നുകൾക്ക് ജൂലൈ 31 മുതൽ 100 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജനറിക് മരുന്നുകളെയും അവയുടെ ചേരുവകളെയും ഈ തീരുവയിൽ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. മരുന്ന് നിർമാണ മേഖലക്കും രോഗികൾക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് യു.എസിന്റെ ഈ പുതിയ തീരുമാനം.
Life Style ⏭️




