NEWS

പൊലീസ് സംഘടനകളുടെ പുനഃസംഘടന; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി ∙ സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവർ സമർപ്പിച്ച രണ്ടു റിട്ട് ഹർജികൾ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അസോസിയേഷനുകളുടെ പുനഃസംഘടനയ്ക്കു പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റികളുടെ പ്രവർത്തനം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(സി) ഉറപ്പുനൽകുന്ന സംഘടിക്കാനുള്ള അവകാശം അസോസിയേഷൻ രൂപീകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ‘ദമയന്തി നാരങ്’ കേസ് ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അംഗങ്ങൾ തീരുമാനിക്കുന്ന ബൈലോകൾക്ക് വിധേയമായി അസോസിയേഷൻ മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശം തടയാൻ സർക്കാരിന് അധികാരമില്ല. നിലവിലുള്ള മൂന്ന് അസോസിയേഷനുകൾ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ ശുപാർശ തള്ളിക്കൊണ്ടാണ് മൂന്നിനു പകരം രണ്ടെണ്ണം മാത്രമാക്കാൻ സർക്കാർ ഉത്തരവിട്ടത്. 1966ലെ പൊലീസ് (അവകാശ നിയന്ത്രണ) ചട്ടങ്ങൾ പ്രകാരം അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിക്കാണ്, സർക്കാരിനല്ല. ഇല്ലാതാക്കിയ അസോസിയേഷന്റെ രേഖകൾ, ബാങ്ക് ഫണ്ട്, ആസ്തി ബാധ്യതകൾ എന്നിവ മറ്റ് രണ്ട് അസോസിയേഷനുകൾക്കായി വീതിച്ചു നൽകാനുള്ള ഉത്തരവിലെ നിർദേശം നിയമവിരുദ്ധവും ബൈലോകൾക്ക് വിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.


Fashion ⏭️

Back to top button