NEWS
സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി വരെ സർക്കാർ വായ്പ; യോഗ്യരെ എംഎൽഎ കണ്ടെത്തും, പലിശ ഇങ്ങനെ

സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി രൂപവരെ വായ്പ നേടാം. ഓരോ മണ്ഡലത്തിൽ നിന്നും അതത് എംഎൽഎമാർ 10 വീതം യോഗ്യരെ കണ്ടെത്തും. 9.95 ശതമാനമാണ് വാർഷിക പലിശനിരക്ക്. കുറഞ്ഞുവരുന്ന മുതലിന് അനുസരിച്ച് പലിശയിലും ആശ്വാസം ലഭിക്കും. സ്ത്രീകളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാനും നിലവിലെ സംരംഭങ്ങൾക്ക് കൂടുതൽ വളരാനുള്ള പിന്തുണ ഉറപ്പാക്കാനുമായി തമിഴ്നാട് സർക്കാർ ആണ് സംസ്ഥാനത്തെ വനിതകൾക്കായി വായ്പ പദ്ധതി അവതരിപ്പിച്ചത്. ‘വെട്രി മഗളിർ തൊഴിൽമുനൈവർ മെംബാട്ടു തിട്ടം’ എന്നാണ് പദ്ധതിയുടെ പേര്. മൂലധനമില്ലെന്ന കാരണത്താൽ സ്ത്രീകൾ സംരംഭകത്വത്തിൽ നിന്ന് വിട്ടകലുന്നത് ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യം. 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും 10 അർഹരെ വീതം അതത് എംഎൽഎമാരാണ് കണ്ടെത്തേണ്ടത്. അർഹർക്ക് തമിഴ്നാട് വ്യവസായ നിക്ഷേപ കോർപറേഷൻ (ടിഐഐസി) വായ്പ അനുവദിക്കും. 9 വർഷമാണ് തിരിച്ചടവ് കാലാവധി. എംഎൽഎമാർ വ്യവസായ വകുപ്പിന് കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചാണ് അർഹരെ കണ്ടെത്തുക. സ്ത്രീകളുടെ സംരംഭകാശയം യാഥാർഥ്യമാക്കുക, നിലവിൽ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും മാത്രം സാന്നിധ്യമുള്ള വനിതാ സംരംഭങ്ങളെ സംസ്ഥാനതലത്തിലേക്ക് വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എസ്.കീർത്തന പറഞ്ഞു.
Fashion ⏭️




