‘മൃഗശാല മാറ്റാം, പക്ഷേ വനമേഖലയിലേക്ക് വേണ്ട; രോഗവ്യാപനവും പാരിസ്ഥിതിക ആഘാതവും ഉണ്ടാകാം’

തിരുവനന്തപുരം മൃഗശാല
തിരുവനന്തപുരം: നഗരഹൃദയത്തിലെ ചരിത്രപ്രധാനമായ മ്യൂസിയം-മൃഗശാല സമുച്ചയം മാറ്റുന്നതിനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നെയ്യാർ ഉൾപ്പെടെയുള്ള വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നതാണ് സർക്കാരിന്റെ പ്രധാന ആശയം.
നഗരത്തിലെ നിലവിലെ സ്ഥലം ഭാവിയിൽ പൊതുജനങ്ങൾക്കായി വലിയൊരു പൈതൃക പൊതുചത്വരമായി വികസിപ്പിക്കുമെന്നും യു.എസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ നഗരത്തെ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ നിർദ്ദേശത്തെ വെറുമൊരു ‘മൃഗശാല മാറ്റണോ വേണ്ടയോ’ എന്ന ലളിതമായ ചോദ്യമായി മാത്രം കാണാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒട്ടനവധി നിർണായക ഘടകങ്ങളുമായി ഇഴപിരിഞ്ഞുകിടക്കുന്ന വിഷയമാണിതെന്ന് വിദഗ്ധർ പറയുന്നു. വിഷയത്തിൽ വന്യജീവി ഗവേഷകനും ആരണ്യംക നാച്വർ ഫൗണ്ടേഷന്‍ ചെയർമാനുമായ ഡോ പി.എസ് ഈസ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
‘തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് ആദ്യം ഉയരുന്ന ചോദ്യം ഇത് മാറ്റണോ എന്നതാണ്. മാറ്റണമെങ്കിൽ എന്തുകൊണ്ട്? സുവോളജിക്കൽ പാർക്കുകളുടെ സങ്കൽപമനുസരിച്ചാണെങ്കിൽ, കഴിയുന്നത്ര പ്രകൃതിദത്തമായ ആവാസവ്യവസ്ഥ ഒരുക്കിക്കൊടുക്കണം. അവിടെയാണ് മൃഗങ്ങളെ പാർപ്പിക്കേണ്ടത്. മൃഗങ്ങളുടെ സ്വാഭാവിക രീതിക്കനുസരിച്ചും പാരിസ്ഥിതിക ആവശ്യകതകൾ നിറവേറ്റാനും സാധിക്കുന്ന ഒരു സംവിധാനം ആവശ്യമാണ്. അതായിരിക്കണം പുതിയ മൃഗശാല.
പണ്ടത്തെ കാലത്ത് മൃഗശാലയെ ‘കാഴ്ച ബംഗ്ലാവ്’ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വെറും എന്റർടെയ്ൻമെന്റിനും റിക്രിയേഷനും വേണ്ടിയുള്ളതല്ല മൃഗശാലകൾ. അപൂർവമായിക്കൊണ്ടിരിക്കുന്ന ജീവികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് അവയുടെ എണ്ണം വർദ്ധിപ്പിച്ച് പ്രജനനം നടത്തുകയെന്നതാണ് മൃഗശാലകളുടെ പ്രധാന ധർമം. രണ്ടാമതാണ് എജ്യുക്കേഷനും റിക്രിയേഷനും വരുന്നത്.
നിലവിലെ തിരുവനന്തപുരം മൃഗശാലയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മൂല്യം പൈതൃക കേന്ദ്രം എന്നുള്ളതാണ്. അവിടെയുള്ള ചില കെട്ടിടങ്ങൾക്ക് പൈതൃകമൂല്യമുണ്ട്. അതിനപ്പുറം മൃഗശാല എന്ന രീതിക്ക് കുറച്ചുകൂടി വിശാലമായ സ്ഥലം വേണം. അതുകൊണ്ട് മൃഗശാല മാറ്റുന്നത് നല്ലതാണ്. എന്നാൽ അടുത്ത ചോദ്യം എങ്ങോട്ട് മാറ്റും എന്നതാണ്.
ഡോ. പി.എസ്. ഈസ
മൃഗങ്ങളെ വനപ്രദേശത്തേക്ക് കൊണ്ടുപോയാൽ രോഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പകരാനുള്ള സാദ്ധ്യത വർദ്ധിക്കും. മറ്റൊന്ന്, വനം എന്ന് നമ്മൾ വിളിക്കുന്ന പ്രദേശത്തിന്റെ വന്യത നഷ്ടപ്പെടും. അപ്പോൾ അത് വനം അല്ലാതായി മാറും. നിയമത്തിന്റെ കണ്ണിലൂടെ അത് ഒരു റിസർവ് വനമെന്ന് പറഞ്ഞാൽ പോലും മാറ്റം വന്നാൽ അത് മാറ്റം തന്നെയാണ്. ആ ഭൂപ്രകൃതിക്ക് മാറ്റം വരും. മൃഗശാല പോലുള്ള ഒരു സ്ഥാപനം വരുമ്പോൾ അതുമായി ബന്ധപ്പെട്ട കുറേ വികസന പദ്ധതികൾ ചുറ്റുപാടും വരും. അതിന്റെ ആഘാതം ഈ പറയുന്ന വനപ്രദേശത്തിന് അനുഭവിക്കേണ്ടിവരും. എത്ര നിയന്ത്രണമുണ്ടെന്ന് പറഞ്ഞാൽ പോലും അതിന്റെ ആഘാതം തേടിയെത്തും.
നമുക്ക് റവന്യൂ ഭൂമിയുണ്ടെങ്കിൽ അതിനെ വന്യമേഖലയാക്കി മാറ്റാം. അതിന് ഒരു ഗുണം കൂടിയുണ്ട്. ഓരോ മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും ആവശ്യകത വ്യത്യസ്തമാണ്. പുതിയതൊന്ന് നിർമ്മിക്കുകയാണെങ്കിൽ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കും. റവന്യൂ ഭൂമിയാണെങ്കിൽ ഓരോ ജീവിക്കും വേണ്ട ഒരുക്കങ്ങൾ നടത്താൻ സാധിക്കും. ഒട്ടകപ്പക്ഷിയെ നിത്യഹരിത വനത്തിൽ കാണുന്ന ഗതികേട് ഒന്ന് ആലോചിച്ചുനോക്കൂ. വനമേഖലയ്ക്ക് അടുത്തേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. സാധാരണ മൃഗശാലകൾ വന്യമേഖലകളിൽ വരുമ്പോൾ അതിനകത്തുനിന്ന് വരുന്ന ചില ശബ്ദങ്ങളുണ്ടാകും. അത് കാട്ടിലുള്ള മൃഗങ്ങൾക്ക് സമ്മർദ്ദം സൃഷ്ടിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്’
RELATED TOPICS: THIRUVANANTHAPURAM ZOO RELOCATION, ZOO IN FOREST AREA, WILDLIFE DISEASE RISK, ENVIRONMENTAL IMPACT, KERALA ZOO NEWS
Read News ⏭️




