SPORTS
കൺനിറയെ കോലിക്കാലം, ഇക്കുറിയും ‘പതിവ്’ തെറ്റിക്കാതെ കിങ്; ക്ലാസിക് കാവ്യമായി ഗില്ലിന്റെ ബാറ്റിങ്

തിരുവനന്തപുരം ∙ തിരുത്തുംതോറും തിളക്കം കൂടുന്നതാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ ചാരുതയെങ്കിൽ, അത്തരം തിരുത്തൽവാദികളുടെ തലതൊട്ടപ്പനാണു വിരാട് കോലി. സച്ചിനു ശേഷം ശൂന്യമെന്നു കരുതിയ പല നേട്ടങ്ങളിലേക്കും നായകപരിവേഷത്തോടെ നടന്നുകയറുന്ന പതിവ് ഇക്കുറിയും കോലി തെറ്റിച്ചില്ല. സച്ചിൻ തെൻഡുൽക്കറിനു ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് നേടുന്ന താരമെന്ന പൊൻതൂവലും ഇനി കോലിയുടെ കിരീടത്തിൽ ഭദ്രം. 377 ഇന്നിങ്സുകളിൽനിന്നാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചതെങ്കിൽ കോലിക്കു വേണ്ടിവന്നത് 303 ഇന്നിങ്സുകൾ മാത്രം. 55-ാം ഏകദിന സെഞ്ചറിയോടെ ആ നേട്ടത്തിന്റെ മാറ്റ് കോലി കൂടുതൽ മിഴിവുള്ളതാക്കി. ഏകദിന ക്രിക്കറ്റിലെ ഏകാധിപതിയായി മാറാൻ കോലിക്കു മുന്നിൽ ഇനി അവശേഷിക്കുന്നത് 18426 റൺസ് എന്ന സച്ചിന്റെ സർവകാല റെക്കോർഡ് മാത്രം.പിച്ചിൽനിന്ന് ബോളർമാർക്ക് ഒന്നും ലഭിക്കുന്നില്ലെന്നും മഞ്ഞുവീഴ്ച ബാറ്റിങ്ങിന് അനുകൂലമാണെന്നും തിരിച്ചറിഞ്ഞതോടെ കോലിയിലെ ചേസ് മാസ്റ്റർ പതിയെ ഗീയർ മാറിത്തുടങ്ങി. സ്പിന്നർമാർക്കെതിരെ ലേറ്റ് കട്ട് ഫലപ്രദമായി ഉപയോഗിച്ച് ബൗണ്ടറികൾ കണ്ടെത്തി റൺ നിരക്ക് ഉയർത്തി. പേസർമാർ എത്തിയതോടെ പെർഫക്ട് പുൾ ഷോട്ടുകളുടെ മാസ്മരിക പ്രദർശനം. ഇതിനിടെ ഡോട് ബോളുകൾ ഒഴിവാക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം സിംഗിളും ഡബിളും. ഒടുവിൽ ലോങ് ഓണിനു മുകളിലൂടെ പെയ്തിറങ്ങിയ സിക്സറുമായി കരിയറിലെ 55-ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ ശേഷം കോലി ആകാശത്തേക്കും ലോകം കോലിയിലേക്കും നോക്കി നന്ദി പറഞ്ഞു.10 വെസ്റ്റിൻഡീസിനെതിരെ കോലിയുടെ 10–ാം സെഞ്ചറിയാണിത്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് കോലിക്കു നേരത്തേ സ്വന്തമായുണ്ട്. ശ്രീലങ്കയ്ക്കെതിരെയും കോലി 10 സെഞ്ചറികൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ 9 സെഞ്ചറികൾ നേടിയ സച്ചിനും രോഹിത് ശർമയുമാണ് രണ്ടാമത്.
Auto ⏭️




