AUTO

ആഡംബരത്തിന്റെ പുതിയ മുഖം; ഒറ്റ ചാര്‍ജില്‍ 600 കി.മീ ഓടുന്ന ബെന്റ്‌ലി ടോര്‍ക്കൽ


വൈദ്യുത കാര്‍ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത് ഒരു എസ്‌യുവിയോടെയാവണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു ബ്രിട്ടിഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്‌ലിക്ക്. ആ നിര്‍ബന്ധത്തിന്റെ ചുവടുപിടിച്ച് ബെന്റ്‌ലിയുടെ ആദ്യ ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ മോഡലാവാന്‍ ഒരുങ്ങുകയാണ് ടോര്‍ക്കല്‍. 2027 പകുതിയോടെ ഇന്ത്യന്‍ വിപണിയിലും ടോര്‍ക്കല്‍ അവതരിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 4.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ബെന്റ്‌ലി നടത്തുന്ന ഏറ്റവും പ്രധാന പ്രൊഡക്ഷന്‍ മോഡലാണ് ടോര്‍ക്കല്‍ ഇവിയെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം ബെന്റേഗയുടെ ഇവി പതിപ്പായി മാത്രം ടോര്‍ക്കലിനെ കാണാനാവില്ല. വലിപ്പത്തില്‍ ബെന്റേഗയുടെ തൊട്ടു താഴെ നില്‍ക്കുന്ന ടോര്‍ക്കല്‍ ഭാവി മോഡലുകളുടെ മാതൃകയായാണ് കമ്പനി കരുതുന്നത്. 800V ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചറും 113kWh യൂസബിള്‍ ബാറ്ററി പാക്കുമാണ് ബെന്റ്‌ലി നല്‍കിയിരിക്കുന്നത്. 888പിഎസ് കരുത്തുള്ള ടോര്‍ക്കല്‍ പരമാവധി 1,350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.ഇരട്ട ഇലക്ട്രിക്ക് മോട്ടാറുകളും വാഹനത്തിനുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാനും ടോര്‍ക്കലിന് സാധിക്കും. ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നതാണ് WLTP സാക്ഷ്യപ്പെടുത്തുന്ന റേഞ്ച്. 400kW വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങും സാധ്യമാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്ക് ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ടോര്‍ക്കല്‍ നിര്‍മിച്ചിരിക്കുന്നത്.അപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ടോര്‍ക്കലിന്റെ വരവ് ബെന്റ്‌ലിക്ക് തികച്ചും കൗതുകകരമായ പരീക്ഷണവും കൂടിയാവും. ഇന്ത്യയില്‍ ഏകദേശം 4.5 കോടി രൂപയോളമാണ് ടോര്‍ക്കലിന്റെ പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ഒട്ടുമിക്ക പ്രീമിയം ഇലക്ട്രിക് എസ്‌യുവികളേക്കാളും വളരെ കൂടുതലാണിത്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിര്‍മിക്കുന്ന ചില പെട്രോള്‍/ ഡീസല്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന കസ്റ്റംസ് നികുതി ഇളവ് ടോര്‍ക്കലിന് ലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. ഇത് ബെന്റ്‌ലിയുടെ ആദ്യ ഇവിയെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ചെലവേറിയതാക്കി മാറ്റുകയും ചെയ്യും.അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികവിദ്യയോടെയാണ് ബെന്റ്‌ലി ടോര്‍ക്കലിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 400kW വരെയുള്ള ഉയര്‍ന്ന ചാര്‍ജിങ് ശേഷിയുള്ള ഇതില്‍ അനുയോജ്യമായ സാഹചര്യങ്ങളില്‍ 10-80 ശതമാനം വരെ ചാര്‍ജു ചെയ്യാന്‍ വെറും 16 മിനിറ്റ് മതിയെന്നതാണ് ബെന്റ്‌ലിയുടെ അവകാശവാദം. എന്നാല്‍ ഇത്രയും ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജിങ് പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുന്ന പബ്ലിക്ക് ചാര്‍ജറുകല്‍ ഇന്ത്യയില്‍ അപൂര്‍വമാണെന്നതാണ് സത്യം. അപ്പോഴും 600 കിലോമീറ്റര്‍ റേഞ്ചുള്ളതിനാല്‍ തന്നെ അപൂര്‍വ്വ സമയങ്ങളില്‍ മാത്രമേ പബ്ലിക്ക് ചാര്‍ജിങിനെ ആശ്രയിക്കേണ്ടി വരികയുള്ളൂ.


Sports ⏭️

Back to top button