BUSINESS

ഫെസ്റ്റിവൽ ഷോക്ക്! എസിക്കും ടിവിക്കും ഒക്ടോബർ 1 മുതൽ ‘പൊള്ളുന്ന വില’, ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു


ഒക്ടോബർ ഒന്നു മുതൽ എസിയും റെഫ്രിജറേറ്ററും ടിവിയും അടങ്ങുന്ന ഗൃഹോപകരണങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ കമ്പനികൾ. എസിക്ക് 8-5% വരെ വില വർധിക്കും. കോപ്പർ, അലൂമിനിയം, സ്റ്റീൽ തുടങ്ങിയ നിർമാണ വസ്തുക്കളുടെ വില വർധിച്ചതാണ് കാരണം. ഇറാൻ യുദ്ധത്തോടെ ക്രൂഡോയിൽ വില കൂടിയതും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതും തിരിച്ചടിയായി. രാജ്യത്ത് ഉൽസവ സീസൺ തുടങ്ങാനിരിക്കെ ഗൃഹോപകരണങ്ങൾക്ക് വില വർധിക്കുന്നത് ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്. ഇക്കൊല്ലം ഒന്നിലധികം തവണ മിക്ക കമ്പനികളും വില വർധിപ്പിച്ചു കഴിഞ്ഞു. എന്നാൽ കമ്പനികളുടെ തീരുമാനം മുൻകൂട്ടി കണ്ട് നേരത്തെ തന്നെ ആവശ്യത്തിന് സ്റ്റോക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും വിലക്കയറ്റം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നുമാണ് വ്യാപാരികൾ പറയുന്നത്. വില ഉയർന്നത് വിൽപനയെ ബാധിക്കുമോയെന്ന ആശങ്ക ചില വ്യാപാരികൾക്കുണ്ട്. കഴിഞ്ഞ ഉൽസവകാലത്തേക്കാൾ ഗൃഹോപകരണങ്ങൾക്ക് 15% വില വർധിച്ചു. എന്നാൽ ജിഎസ്ടി നിരക്കിൽ 10% ഇളവ് ലഭിച്ചതിനാൽ മൊത്തത്തിലുള്ള വിലക്കയറ്റം 5% മാത്രമായിരിക്കുമെന്നും കമ്പനികളുടെ വാദം. ഏറ്റവും കൂടുതൽ വില വർധിക്കുന്നത് എയർ കണ്ടിഷനറുകൾക്കാണെന്നാണ് സൂചന. ഒക്ടോബർ ഒന്നു മുതൽ 5-7 ശതമാനം വരെ വില ഉയർത്തുമെന്ന് ഹയർ അറിയിച്ചിട്ടുണ്ട്. കമ്പനി വിപണിയിലെത്തിക്കുന്ന എൽഇഡി ടിവി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ പോലുള്ള ഉൽപന്നങ്ങൾക്ക് നാലു ശതമാനം വരെയും വില ഉയരും. 5-7% വരെ വില ഉയർത്തുമെന്ന് വോൾട്ടാസ് വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. എൽജിയും സമാന അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. 5-8% വരെ വില ഉയർത്തുമെന്ന് ബ്ലൂസ്റ്റാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയ്ക്കിൻ, ഗോദ്റേജ്, , ബോഷ് തുടങ്ങിയ കമ്പനികളും എസി വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികൾ വില വർധന എപ്പോൾ നടപ്പിലാക്കുമെന്ന കാര്യത്തിൽ ആലോചന നടത്തുകയാണെന്നും വിവരം.  എസി പോലെ വലിയ രീതിയിൽ  വില കയറുന്ന മറ്റൊരു ഉൽപന്നമാണ് ടിവി. മെമ്മറി ചിപ്പുകളുടെ വിലയും ഗതാഗത ചെലവും വർധിച്ചതാണ് പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ചെറിയ സ്ക്രീനുകളുള്ള ടിവിയുടെ വില 20% വരെ വർധിച്ചേക്കും. മറ്റുള്ളവയ്ക്ക് 10% വില വർധനയുണ്ടാകുമെന്നും വിവരം.


Travel ⏭️

Back to top button