SPORTS

കയറിയിട്ട് പുറത്തിറങ്ങിയാൽ പെട്ടു! സ്റ്റേഡിയത്തിൽ കർശനനിയന്ത്രണങ്ങൾ: സെൽഫി സ്റ്റിക്ക്, വിസിൽ, കുട, ഹെൽമറ്റ് തുടങ്ങിയവയ്ക്ക് വിലക്ക്


തിരുവനന്തപുരം∙ ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രവേശനത്തിനായി പ്രത്യേക ക്യുആർ കോഡ് ടിക്കറ്റ് ജീനി ആപ്പിൽ മത്സരദിവസം രാവിലെ എട്ടു മണി മുതൽ ലഭ്യമാകും. സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് ഈ കോഡ് സ്കാൻ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശിക്കാനാവുക. പ്രിന്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവർക്കും സമാനമായ പരിശോധനയുണ്ടാകും. സ്റ്റേഡിയത്തിൽ കർശനനിയന്ത്രണങ്ങൾ മത്സരത്തിന്റെ സുരക്ഷ മുൻനിർത്തി ഒട്ടേറെ വസ്തുക്കൾക്ക് സ്റ്റേഡിയത്തിനകത്ത് വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിരോധിത വസ്തുക്കളുടെ വിശദമായ പട്ടിക അധികൃതർ പുറത്തുവിട്ടു. പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ എന്നിവ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വിസിൽ, ഗ്ലാസ് ബോട്ടിലുകൾ, കുട, ഹെൽമറ്റ് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. ക്യാമറകൾ (ഡിഎസ്‌എൽആർ), വിഡിയോ റെക്കോർഡറുകൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ എന്നിവയും നിരോധിച്ചിട്ടുള്ള വസ്തുക്കളുടെ പട്ടികയിലുണ്ട്. ആയുധങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, ലഹരി പദാർഥങ്ങൾ, പടക്കങ്ങൾ, മാരക രാസവസ്തുക്കൾ എന്നിവയുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ലേസർ പോയിന്റുകൾ, ഡ്രോണുകൾ എന്നിവയ്ക്കും പൂർണമായി വിലക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപദാർഥങ്ങൾ, ടിന്നുകൾ, മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ എന്നിവയും സ്റ്റേഡിയത്തിനകത്തേക്ക് കടത്താൻ പാടില്ല. കൂടാതെ, വളർത്തുമൃഗങ്ങൾ, സംഗീതോപകരണങ്ങൾ, വുവുസേല തുടങ്ങിയവയ്ക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുന്നതല്ല.നഗരത്തിൽ ഗതാഗതനിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, കാര്യവട്ടം ഗവൺമെന്റ് കോളജ്, ബിഎഡ് സെന്റർ കാര്യവട്ടം, എൽഎൻസിപിഇ ഗ്രൗണ്ട്, അൽസാജ് കൺവൻഷൻ സെന്ററിലെ പാർക്കിങ് ​ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ്​ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഐപികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ഏരിയയിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെ മത്സര ശേഷം പാർക്കിങ് ഏരിയയിലേക്കും കെസിഎ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തി യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.


Auto ⏭️

Back to top button