NEWS
ഉത്തർപ്രദേശിൽനിന്ന് വിമാനമാർഗം കേരളത്തിലെത്തി കെഎസ്ഇബിയുടെ കേബിൾ മോഷ്ടിക്കുന്ന സംഘം?

കാസർകോട് ∙ 48 മണിക്കൂറിനിടെ കാസർകോട്ട് രണ്ടിടത്ത് കെഎസ്ഇബിയുടെ കേബിളുകളും അലുമിനിയം കണ്ടക്ടറുകളും മോഷണം പോയത് ആശങ്ക ഉയർത്തുന്നു. മോഷണം നടത്തിയ മുഖംമൂടി സംഘം സിസിടിവിയിൽ കുടുങ്ങിയിട്ടുണ്ട്. കേബിൾ മോഷണക്കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകമാണ് വീണ്ടും മോഷണം നടന്നത്. ജില്ലയുടെ രണ്ട് അറ്റങ്ങളിലായി ഏകദേശം 60 കിലോമീറ്റർ വ്യത്യാസത്തിലായിരുന്നു മോഷണം. മുഖംമൂടി ധരിച്ച സംഘം പിക്കപ്പ് വാഹനത്തിലെത്തി പുലർച്ചെ 2.30 ഓടെ കവർച്ച നടത്തുകയായിരുന്നു. രണ്ട് സംഭവങ്ങളും ഒരേ സംഘം നടത്തിയതാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.കണ്ണൂർ, തൃശൂർ ജില്ലകളിൽ ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ചെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ 11 അംഗ സംഘത്തെ കേരള പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കാസർകോട്ടും സമാന രീതിയിലുള്ള മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാസർകോട്ടെ രണ്ട് സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ, മോഷണത്തിന് പിന്നിൽ ഒരേ സംഘമാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.ആറ് പേർ; ഒരു മണിക്കൂറോളം സ്ഥലത്ത് ഗുണാജെയിലെ ട്രാൻസ്ഫോർമറിന് സമീപം പുലർച്ചെ 2.30ഓടെ മുഖംമൂടി ധരിച്ച ആറ് പേർ എത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഘം ഏകദേശം ഒരു മണിക്കൂറോളം സ്ഥലത്ത് തങ്ങി കേബിൾ ഡ്രമ്മുകൾ നീക്കുന്നതിനുള്ള ശ്രമം നടത്തി. ഭാരമേറിയ ഡ്രം പിക്കപ്പ് വാഹനത്തിലേക്ക് കയറ്റാൻ രണ്ട് തൂണുകൾ ഉപയോഗിച്ച് താൽക്കാലിക റാമ്പ് ഒരുക്കിയാണ് സംഘം ആദ്യ ഡ്രം വാഹനത്തിൽ കയറ്റിയത്. ആദ്യ ഡ്രമ്മുമായി വാഹനം പോയ ശേഷം ഏകദേശം അരമണിക്കൂറിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ ഡ്രമ്മും കയറ്റിക്കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
Fashion ⏭️




