NEWS
പോളണ്ടിലും അർമീനിയയിലും ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; പാർവതിക്കെതിരെ കൂടുതൽ പരാതികൾ

കൊച്ചി ∙ വിദേശ ജോലിയുടെ േപരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന കേസിൽ അറസ്റ്റിലായ ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ പാർവതി മായ ഷാജി പൊലീസ് കസ്റ്റഡിയിൽ. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വിദേശത്ത് ഒളിവിലായിരുന്ന പാർവതി ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയോടെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. വിദേശ ജോലിയുടെ മറവിൽ ആസൂത്രിതമായ തട്ടിപ്പായിരുന്നു പാർവതിയും കൂട്ടരും നടത്തിയിരുന്നത് എന്ന് പരാതിക്കാരുടെ അഭിഭാഷകർ ആരോപിച്ചു.പാർവതി പിടിയിലായെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. 2023–24 സമയത്താണ് ഇവർ ഭൂരിഭാഗം തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. ഒട്ടേറെ പേരെ പോളണ്ട്, അർമീനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് 1.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയെന്ന പരാതികളാണ് പുറത്തു വരുന്നത്. എന്നാൽ, ഇവർക്കൊന്നും വിദേശത്തേക്ക് പോകാനായില്ല. വിദഗ്ധ തൊഴിലുകളിലൊന്നും പ്രാവീണ്യമില്ലാത്ത സാധാരണക്കാരായിരുന്നു ഇവരുടെ ഇരകളിൽ കൂടുതൽപേരുമെന്ന് പരാതിക്കാർ പറയുന്നു.
Fashion ⏭️




