NEWS

മുട്ടിൽ മരംമുറി കേസ്; പിഴവുകൾ തിരുത്തി വനംവകുപ്പ്, വീണ്ടും കുറ്റപത്രം സമർപ്പിച്ചു

അഗസ്റ്റിൻ സഹോദരന്മാർ

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് വിശദീകരണം. ഈ മാസം 17ന് മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകൾ നൽകാത്തതും ഗുരുതര സാങ്കേതിക പിഴവുകളുമാണ് കുറ്റപത്രം മടക്കാനുള്ള കാരണം.

ദുർബലമായ കുറ്റപത്രം ആരെ സഹായിക്കാനാണെന്ന ചോദ്യം നേരത്തേ ഉയർന്നിരുന്നു. കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എന്തുകൊണ്ട് കുറ്റപത്രം വൈകി എന്നതും വ്യക്തമാക്കിയില്ല. വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത് എന്നതിലും കുറ്റപത്രത്തിൽ വ്യക്തതയില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത തടികൾ, വാഹനം എന്നിവ കണ്ടുകെട്ടുക പോലും ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. മാത്രമല്ല, ഗുരുതര സാങ്കേതിക പിഴവുകളും ഉണ്ടായിരുന്നു. ഇതോടെയാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കിയത്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാനുള്ള നീക്കമാണോ ഇതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

1/21 കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ 2021ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം നൽകുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈ മാസം എട്ടിനാണ് നീക്കിയത്. തുടർന്ന് പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തു. ഇതോടെയാണ് തിടുക്കപ്പെട്ട് ഈ മാസം 17ന് കുറ്റപത്രം സമർപ്പിച്ചത് എന്നാണ് വിശദീകരണം. കേസിൽപ്പെട്ട വീട്ടി തടികളും ടോറസ് ലോറിയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് കേരള വനനിയമം സെക്ഷൻ 61A പ്രകാരമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് അയച്ചു. കണ്ടുകെട്ടൽ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കും.

English Summary

The Kerala Forest Department has resubmitted a chargesheet in the Mutt il tree felling case after correcting errors. The earlier chargesheet was returned by the court over missing documents and technical issues. The department said the delay was linked to a High Court stay. Seizure proceedings for the timber and lorry have also been initiated.
RELATED TOPICS: MUTT IL TREE FELLING CASE, MUTT IL WOOD CUTTING CASE, KERALA FOREST CHARGESHEET, AUGUSTIN BROTHERS CASE, MUTT IL CASE

Read News ⏭️

Back to top button