ഭർത്താവിന്റെ ദുരൂഹമരണം, കാരണം അറിയാതെ മുടി കെട്ടില്ലെന്ന് ശപഥം; റിട്ടയേർഡ് പഞ്ചായത്ത് സൂപ്രണ്ട് താരാ വിജയൻ അന്തരിച്ചു

താര വിജയൻ
കൊല്ലം: ഭർത്താവിന്റെ ദുരൂഹമരണത്തിൽ ഉത്തരം തേടി പതിറ്റാണ്ടുകൾ പോരാടിയ താരാ വിജയൻ വിടവാങ്ങി. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. 90 വയസായിരുന്നു. പുത്തൻകുളം തലക്കുളം വിജയതാരയിൽ താരാ വിജയൻ റിട്ടയേർഡ് പഞ്ചായത്ത് സൂപ്രണ്ടായിരുന്നു.
ഏരൂർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ഭർത്താവ് എസ് വിജയൻ. ഭർത്താവ് മരണപ്പെട്ടതിന്റെ കാരണം കണ്ടെത്താനായി 45 വർഷമാണ് താര പോരാട്ടം നടത്തിയത്. ഭർത്താവിന് നീതി തേടി മക്കളുമായി സെക്രട്ടറിയേറ്റിന് മുന്നിലും സമരമിരുന്നു. മരണകാരണം കണ്ടെത്തിയതിനുശേഷം മാത്രമേ മുടി കെട്ടി വയ്ക്കുകയുള്ളൂവെന്നും ശപഥം ചെയ്തു. പഞ്ചായത്ത് ക്ളർക്കായി സർവീസ് ആരംഭിച്ച് സൂപ്രണ്ടായി വിരമിക്കുന്നതുവരെയും ശപഥം തുടർന്നു.
1981 ജൂൺ 23നാണ് വിജയനെ പഞ്ചായത്ത് ഓഫീസിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ എന്നും പോയി വരുന്നത് ബുദ്ധിമുട്ടായതിനാൽ ഓഫീസിലായിരുന്നു വിജയന്റെ താമസം. ജില്ലാ പഞ്ചായത്ത് ഓഫീസിലേയ്ക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയതിനുശേഷം പഞ്ചായത്ത് ഓഫീസിലേയ്ക്ക് പോയതിന് പിന്നാലെ വിജയനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യ വ്യക്തികൾ നിർമിക്കുന്ന റോഡിനായി അനധികൃതമായി രേഖയുണ്ടാക്കി പഞ്ചായത്ത് ഓഫീസ് കരാറുകാർക്ക് പണം നൽകിയെന്ന് വിജയൻ ആരോപിച്ചിരുന്നു. കാണാതായി രണ്ടുദിവസത്തിനുശേഷമാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്നതും സംശയമുണർത്തിയിരുന്നു.
മക്കൾ: നിഷാ വിജയൻ, അഡ്വ.ഷമ്മി വിജയൻ, ഉഷാ വിജയൻ, സുഷാ വിജയൻ. മരുമക്കൾ: എസ് പ്രദീപ്, ഡോ.ബിസ്‌മി ഗോപാലകൃഷ്ണൻ, എം ആർ വിമൽകുമാർ, പരേതനായ കെ എസ് ഷെറിമോൻ. സംസ്‌കാരം ഇന്ന്.
English Summary
Tara Vijayan, a retired panchayat superintendent from Kollam, has died at the age of 90 after spending 45 years seeking answers over her husband S. Vijayan’s mysterious death. He was found dead in a panchayat office well in 1981. Tara campaigned for justice, including protests with her children, and maintained a vow until the cause of his death was established.




