BUSINESS

ഇറാനെ പൂട്ടാന്‍ ട്രംപിന്റെ തന്ത്രം; ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവ് കുറവും, ആഗോള വ്യാപാരം മാറ്റിമറിക്കാന്‍ IMEC ഇടനാഴി


IMEC India Benefits: ആഗോള വ്യാപാര പാതകളുടെ ഗതി മാറ്റുന്ന ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് ഇടനാഴി (IMEC) പശ്ചിമേഷ്യയില്‍ ഇറാന്റെ ഭൗമരാഷ്ട്രീയ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപ്രധാന ആയുധമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ്. ചെങ്കടലിലെയും, ഹോര്‍മുസ് കടലിടുക്കിലെയും ഭീഷണികള്‍ ഒഴിവാക്കി ഇന്ത്യയ്ക്ക് 40% സമയലാഭവും 30% ചെലവുകുറവും ഉറപ്പുനല്‍കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. ഈ ഇടനാഴി ഇന്ത്യയുടെ വ്യാപാര വേഗം വര്‍ദ്ധിപ്പിക്കാനും, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമുള്ള വലിയൊരു അവസരമായി മാറാം.ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (IMEC)2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 (G20) ഉച്ചകോടിയിലാണ് IMEC (India-Middle East-Europe Economic Corridor) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഈ പദ്ധതിയില്‍ ഒപ്പുവെച്ച പ്രധാന രാജ്യങ്ങള്‍.കടല്‍മാര്‍ഗവും കരമാര്‍ഗവുമുള്ള (Rail & Maritime) ഗതാഗത പാതകള്‍, എണ്ണ- വാതക പൈപ്പ്ലൈനുകള്‍, ക്ലീന്‍ ഹൈഡ്രജന്‍ വിതരണ ശൃംഖല, അതിവേഗ ഡിജിറ്റല്‍, വൈദ്യുതി കേബിളുകള്‍ എന്നിവ കൂട്ടിയോജിപ്പിച്ച സങ്കീര്‍ണ്ണമായ ഒരു മള്‍ട്ടി മോഡല്‍ പദ്ധതിയാണിത്.രണ്ട് പ്രധാന പാതകള്‍കിഴക്കന്‍ ഇടനാഴി (Eastern Corridor): ഇന്ത്യയിലെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ (ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല) അറബിക്കടല്‍ വഴി യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു.വടക്കന്‍ ഇടനാഴി (Northern Corridor): ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റെയില്‍വേ മാര്‍ഗം സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവ വഴി ഇസ്രായേലിലെ ഹൈഫ തുറമുഖത്തെത്തിച്ച്, അവിടെനിന്ന് മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം യൂറോപ്പിലേക്ക് (ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്) ചരക്കുകള്‍ എത്തിക്കുന്നു.ഇറാന്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ട്രംപ്ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സാന്നിധ്യവും, പരിശോധനകളും മൂലം ഉണ്ടാകുന്ന തടസങ്ങള്‍ മറികടക്കാന്‍ ഐഎംഇസി പാതയെ ട്രംപ് മുന്നോട്ടുവയ്ക്കുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്റെ ഭീഷണികള്‍ നേരിടാതെ ഗള്‍ഫ് എണ്ണയും, വാതകവും റെയില്‍വേ, പൈപ്പ്ലൈനുകള്‍ എന്നിവ വഴി മെഡിറ്ററേനിയന്‍ കടലിലെത്തിച്ച് ആഗോള വിപണിയിലേക്ക് നല്‍കാന്‍ ഈ പാത വഴി സാധിക്കും.ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഇറാന്‍ നിയന്ത്രിക്കുന്ന ജലപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, മേഖലയില്‍ ഇറാന്റെ സാമ്പത്തിക, സൈനിക മേല്‍ക്കൈ ഇല്ലാതാക്കാനും സാധിക്കും. യു.എസിന്റെ പങ്കാളികളായ സൗദി അറേബ്യ, യു.എ.ഇ, ഇസ്രായേല്‍ എന്നിവരെ ഒന്നിപ്പിച്ച് ഇറാനെതിരെ ഒരു തന്ത്രപ്രധാന സാമ്പത്തിക ശൃംഖല നിര്‍മ്മിക്കാന്‍ ഇതിലൂടെ സാധിക്കും.ഇന്ത്യയ്ക്ക് പ്രധാനം ഇടനാഴിഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് അയക്കുന്നതിന് നിലവിലെ പാതയേക്കാള്‍ 40% വരെ സമയലാഭവും, 30% വരെ ചെലവുകുറവും ഈ പുതിയ പാത വഴി സാധിക്കും. ചെങ്കടലിലെ ആക്രമണങ്ങള്‍, സുയസ് കനാല്‍ ബ്ലോക്കുകള്‍, ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങള്‍ എന്നിവ ഒഴിവാക്കി ഇന്ത്യയ്ക്ക് ഒരു സുരക്ഷിത വ്യാപാര പാത സാധ്യമാകും.ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ വലിയൊരു പങ്കും നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തടസമില്ലാത്ത ഇതര വിതരണ പാതകള്‍ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങള്‍ ഗള്‍ഫുമായും, യൂറോപ്പുമായും നേരിട്ട് ബന്ധപ്പെടുന്നതോടെ ആഗോള ഉല്‍പ്പാദന- വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാകും.ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (BRI) സാമാന്തരമായി കൂടുതല്‍ സുതാര്യവും, വിശ്വസനീയവുമായ ബദല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇസ്രായേല്‍- ഹമാസ് യുദ്ധവും പശ്ചിമേഷ്യയിലെ മറ്റ് സൈനിക അസ്വസ്ഥതകളും കാരണം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുകയാണ്. ഇടനാഴി പൂര്‍ണ്ണമായി പ്രവര്‍ത്തിക്കണമെങ്കില്‍ സൗദി അറേബ്യയും, ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സുഗമമാകണം. ആയിരക്കണക്കിന് കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈനുകള്‍, സമുദ്രാന്തര അതിവേഗ ഡാറ്റ കേബിളുകള്‍, ഹൈഡ്രജന്‍ പൈപ്പ്ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ഭീമമായ തുകയും, സമയവും അവശ്യമാണ്. തങ്ങളുടെ തന്ത്രപ്രധാന പ്രാധാന്യം കുറയ്ക്കുന്ന ഈ നീക്കത്തിനെതിരെ ഇറാന്‍ ഇതോടകം രംഗത്തുണ്ട്.


Read News

Back to top button