NEWS
18-ാം നൂറ്റാണ്ടിൽ അറബിക്കടലിൽ മുങ്ങിപ്പോയ പുരാതന ഡച്ച് കപ്പൽ ഇപ്പോൾ ഒരു അദ്ഭുതലോകം!

കൊച്ചി ∙ അറബിക്കടലിന്റെ ആഴങ്ങളിൽ 18-ാം നൂറ്റാണ്ടിലെ കപ്പൽഛേദ അവശിഷ്ടത്തിനു പുനർജന്മം. തിരുവനന്തപുരം അഞ്ചുതെങ്ങിനു സമീപം കടലിൽ ആഴ്ന്നുപോയ ‘വിമ്മെനം’ എന്ന ഡച്ച് കപ്പലിന്റെ ശേഷിക്കുന്ന ഉരുക്കുപാളികളുടെ ഓരോ മടക്കിലും കടൽ ജൈവ വൈവിധ്യത്തിന്റെ അത്ഭുതലോകം കണ്ടെത്തി. വർണ മത്സ്യങ്ങളും പവിഴപ്പുറ്റുകളും ജലജീവികളും ജലസസ്യങ്ങളും കൊണ്ടു സമ്പന്നമായ ആവാസ വ്യവസ്ഥയാണു നൂറ്റാണ്ടുകൾ കൊണ്ടു രൂപപ്പെട്ടത്. റൗണ്ട്ഗ്ലാസ് സസ്റ്റെയ്ൻ–ൽ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ എഴുതിയ ലേഖനവും അണ്ടർവാട്ടർ ഫൊട്ടോഗ്രഫർ ഉമീദ് മിസ്ട്രി പകർത്തിയ ചിത്രങ്ങളുമാണ് കടൽ ജീവജാലങ്ങളുടെ ഈ ‘കാലിഡോസ്കോപ്’ പുറംലോകത്തിനു പരിചയപ്പെടുത്തിയത്.17–ാം നൂറ്റാണ്ടിൽ തുറമുഖ പട്ടണമായിരുന്ന അഞ്ചുതെങ്ങിൽ, ‘കറുത്ത പൊന്ന്’ തേടി വിദേശ കപ്പലുകളെത്തിയിരുന്നു. ആംസ്റ്റർഡാമിൽ നിർമിച്ച 42 മീറ്റർ നീളവും 1,150 ടൺ വാഹക ശേഷിയുമുള്ള ‘വിമ്മെനം’ കപ്പൽ കടൽക്കൊള്ളക്കാരുടെ ആക്രമണത്തെ തുടർന്നു തീപിടിച്ചു മുങ്ങിയത് 1752 ജനുവരിയിലാണ്. അഞ്ചുതെങ്ങ് തീരത്തുനിന്ന് 10 കിലോമീറ്റർ അകലെ അറബിക്കടലിൽ 45 മീറ്റർ ആഴത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞു. കപ്പൽ തകരുമ്പോൾ അതിൽ 356 ജീവനക്കാരും ഉണ്ടായിരുന്നു എന്നാണു ഡച്ച് രേഖകൾ.
Fashion ⏭️




