‘കായികവകുപ്പ് മന്ത്രിക്ക് വിവരമില്ല, രാജിവച്ച് വേറെ പണി നോക്കണം’: ഒജെ ജനീഷിനെതിരെ വിമർശനവുമായി എംഎം മണി

എംഎം മണി
ഇടുക്കി: സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. കായികമന്ത്രിക്ക് വിവരമില്ലെന്നും ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിപദവി ഏറ്റെടുത്താൽ അത് കൃത്യമായി നിർവഹിക്കണമെന്നും അല്ലാതെ വെറുതെ ഒഴികഴിവുകൾ പറയുകയല്ല വേണ്ടതെന്നും എംഎം മണി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വകുപ്പുമന്ത്രി സണ്ണി ജോസഫിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വൈദ്യുതി വകുപ്പ് ഭരിക്കുന്നവർക്ക് ദീർഘവീക്ഷണവും കൃത്യമായ കാഴ്ചപാടും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണ മഴ പെയ്താൽപോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമേ ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. ബാക്കി 60 ശതമാനം എൽഡിഎഫ് സർക്കാരിന്റെ കാലത്തും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വില കൊടുത്ത് വാങ്ങി തടസമില്ലാതെ വീടുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമകാരികളായ കാട്ടാനകൾ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ വനംവകുപ്പും ഫോറസ്റ്റും ചേർന്ന് വെടിവച്ചുകൊല്ലണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ മറ്റെന്താണ് ചെയ്യേണ്ടതെന്നും എംഎം മണി ചോദിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന എന്തിനേയും നേരിടണം അതുകഴിഞ്ഞുമതി മൃഗസ്നേഹം. തിരുവനന്തപുരത്ത് എസി മുറിയിലിരുന്ന് വന്യമൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്ന മൃഗസ്നേഹികൾ ഇവിടത്തെ പാവപ്പെട്ട മനുഷ്യരുടെ ദുരിതം കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അരിക്കൊമ്പനെ ഇവിടെനിന്ന് പിടിച്ചുമാറ്റിയ സമയത്ത് കോൺഗ്രസുകാരുടെ വലിയ പ്രതിഷേധമുണ്ടായല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അരിക്കൊമ്പനെന്ന് പറഞ്ഞാൽ കോൺഗ്രസിന്റെ അമ്മായിയപ്പനായിരുന്നല്ലോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. സർക്കാർ നടപടി എടുക്കാത്ത പക്ഷം നാട്ടുകാർ സംഘടിച്ച് തോക്കുണ്ടാക്കി മൃഗങ്ങളെ കൊല്ലേണ്ടി വരുമെന്നും അത് പിന്നീട് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Senior CPM leader MM Mani sharply criticized Sports Minister OJ Jinesh, questioning his competence and suggesting resignation. He also slammed Power Minister Sunny Joseph over the electricity crisis, advocating for greater foresight. Mani controversially urged shooting dangerous wild animals threatening human life and property, warning of potential public unrest if authorities fail to address the issue effectively.




