NEWS
വിന്റുവിന്റെ മരണത്തോടെ മോട്ടർ വാഹന വകുപ്പ് ഉണർന്നു; വാതിൽ തുറന്നിട്ട് ബസ് ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് പോകും

പറവൂർ ∙ ഇനി മുതൽ ബസുകൾ വാതിൽ തുറന്നിട്ട് ഓടിച്ചാൽ കർശന നടപടിയുണ്ടാകുമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ. ഇത്തരം സംഭവങ്ങൾ അപകടകരമായ ഡ്രൈവിങ് എന്ന നിലയിൽ കണക്കാക്കും. ഡ്രൈവറുടെ ലൈസൻസ് പോകും. ചിലപ്പോൾ ബസിന്റെ പെർമിറ്റും. നടപടികളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ തയാറെടുക്കുകയാണ് വകുപ്പ്. വാതിൽ തുറന്നിട്ടു പായുന്ന ബസുകളെ പിടികൂടാൻ പരിശോധനകളും ശക്തമാക്കും. വാതിൽ അടയ്ക്കാതെ പാഞ്ഞ സ്വകാര്യ ബസിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ് കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോൾ (31) മരിച്ച സംഭവമാണു നടപടികൾ ശക്തമാക്കാൻ പ്രേരണയായത്. വാതിൽ തുറന്നിട്ടു ബസ് സർവീസ് നടത്തുന്നതു പിടിക്കപ്പെട്ടാൽ വെറും 250 രൂപ മാത്രമായിരുന്നു ഇതുവരെയുള്ള പിഴ. പിടിക്കപ്പെടുന്നവർ ഈ നിസ്സാര തുകയടച്ച് തടിയൂരൂകയാണു ചെയ്തിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാത – 66ൽ പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ തുരുത്തിപ്പുറം പാലത്തിനു സമീപമായിരുന്നു വിന്റുമോളുടെ മരണത്തിനിടയാക്കിയ അപകടം. കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘രോഹിണി കണ്ണൻ’ എന്ന ബസ് ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനുകുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ യഥാർഥത്തിൽ മറ്റൊരു ബസിലെ ഡ്രൈവറാണ്.
Fashion ⏭️




