BUSINESS
ടാറ്റയിൽ വരുന്നത് വൻ നിയമയുദ്ധം; പ്രമുഖ അഭിഭാഷകരെ കളത്തിലിറക്കി നോയലും ചന്ദ്രയും

മുംബൈ∙ ടാറ്റ ഗ്രൂപ്പിന്റെ വ്യവസായങ്ങൾ നിയന്ത്രിക്കുന്ന ടാറ്റ സൺസും അതിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്സും തമ്മിലുള്ള ഭിന്നത കടുത്ത നിയമ പോരാട്ടത്തിലേക്ക്. എൻ. ചന്ദ്രശേഖരനെ ചെയർമാനായി വീണ്ടും നിയമിക്കാനുള്ള ടാറ്റ സൺസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗതീരുമാനം ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള ഭൂരിപക്ഷ ഡയറക്ടർമാരുടെ തീരുമാനത്തെയും അദ്ദേഹം എതിർക്കുന്നു.മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയെ നിയമ നടപടികളുടെ ചുമതല ടാറ്റ ട്രസ്റ്റ്സ് ഏൽപിച്ചു. ടാറ്റ സൺസിന്റെയും ചെയർമാൻ എൻ. ചന്ദ്രശേഖരന്റെയും അഭിഭാഷകനായി ഹരീഷ് സാൽവെയെയും നിയോഗിച്ചു. ഇരുവരെയും സഹായിക്കാൻ വൻ നിയമസ്ഥാപനങ്ങളും രംഗത്തുണ്ട്. നേരത്തെ, ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയും ടാറ്റ ട്രസ്റ്റ്സും തമ്മിലുണ്ടായിരുന്ന നിയമപോരാട്ടത്തിൽ സിങ്വിയും സാൽവെയും ഒന്നിച്ചാണ് ട്രസ്റ്റ്സിനായി ഹാജരായത്. ഇരുവരും രണ്ടു ചേരികളിൽ അണിനിരന്നതോടെ വലിയ നിയമപോരാട്ടത്തിന് കളമൊരുങ്ങി.ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെയോ (എൻസിഎൽടി), ബോംബെ ഹൈക്കോടതിയെയോ സമീപിക്കാനാണ് ടാറ്റ ട്രസ്റ്റ്സ് ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ ടാറ്റ സൺസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് ചന്ദ്രശേഖരനു പുനിർനിയമനം നൽകുന്നതിനെയും കമ്പനി ലിസ്റ്റ് ചെയ്യുന്നതിനെയും അനുകൂലിച്ച് ഭൂരിപക്ഷം ഡയറക്ടർമാരും വോട്ട് ചെയ്തത്.
Travel ⏭️




