NEWS
മ്യൂണിക്കിലേക്ക് ‘ജനപ്രവാഹം’; ആഘോഷത്തിന്റെ മൂന്നാം ദിനം രാജ്യത്തെ നടുക്കി ആ മരണം, കനത്ത സുരക്ഷയിൽ രാജ്യം!

മ്യൂണിക്∙ ലോകത്തെ ഏറ്റവും വലിയ ജനകീയോത്സവമായ ഒക്ടോബർഫെസ്റ്റിന്റെ 191-ാമത് പതിപ്പിന് മ്യൂണിക്കിൽ ശനിയാഴ്ച തുടക്കമായി. എന്നാൽ, ആഘോഷങ്ങളുടെ മൂന്നാം ദിവസം റൈഡിനിടെ നടന്ന ദാരുണ അപകടത്തിൽ അമ്യൂസ്‌മെന്റ് റൈഡ് ജീവനക്കാരന് ദാരുണാന്ത്യം. റൈഡിൽപ്പെട്ട് ഗുരുതര പരുക്കേറ്റ 52 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മേളനഗരിയെ നടുക്കിയ അപകടം നടന്നത്.’ഫ്രീ-ഫോൾ ടവർ’ റൈഡിന് സമീപത്താണ് സംഭവം. യാത്രക്കാരെ ഉയർന്ന അന്തരീക്ഷത്തിലേക്ക് ഉയർത്തി പെട്ടെന്ന് താഴേക്ക് പതിപ്പിക്കുന്ന രീതിയിലുള്ള റൈഡാണിത്. പ്രവർത്തന സമയത്ത് ജീവനക്കാരൻ കടന്നുപോകാൻ പാടില്ലാത്ത മേഖലയിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റൈഡിൽപ്പെട്ട ഇയാൾക്ക് അതിശക്തമായ ആഘാതമേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അടിയന്തര ജീവൻരക്ഷാ പരിചരണം നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കനത്ത സുരക്ഷയിലാണ് മേള നടക്കുന്നത്. 600-ലധികം പൊലീസ് ഉദ്യോഗസ്ഥരെയും നൂറുകണക്കിന് സെക്യൂരിറ്റി ജീവനക്കാരെയും ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. റൈഡിലെ ദാരുണ സംഭവം ജീവനക്കാരെയും സന്ദർശകരെയും കണ്ണീരിലാഴ്ത്തിയെങ്കിലും, സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി ബാക്കി ദിനങ്ങളിലെ ആഘോഷങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
Fashion ⏭️




