അബ്കാരി കേസ്: ആന്റോ ആഗസ്റ്രിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആന്റോ ആഗസ്റ്രിൻ
കൊച്ചി: അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ ആഗസ്റ്റിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി കോടതി ജാമ്യം അനുവദിച്ചത്. 24 മണിക്കൂർ എക്സൈസ് കസ്റ്രഡിയിൽ വിട്ട പ്രതിയായതിനാൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യക്തമാക്കിയാണ് ജസ്റ്രിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ആന്റോ ആഗസ്റ്റിന് ജാമ്യം അനുവദിച്ചത്. മദ്യം കണ്ടെടുത്ത വീട് തന്റേതല്ലെന്നും താൻ മദ്യം കുടിക്കാറില്ലെന്നും ഈ വസ്തു സർഫാസി ആക്ട് പ്രകാരം വിൽപനയിലേക്ക് പോയതാണെന്നും അഭിഭാഷകൻ വാദിച്ചു.
സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫ് അലി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എക്സൈസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വീട് ആന്റോ ആഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങൾ, കെഎസ്ഇബി ബില്ല്, വില്ലേജ് രേഖകൾ എന്നിവയും സർക്കാർ കോടതിയിൽ സമർപ്പിച്ചു. എന്നാൽ സാധാരണ നിലയിൽ വിദേശമദ്യ കേസുകളിൽ ജാമ്യം അനുവദിക്കാറുണ്ടെന്ന് നിരീക്ഷിച്ച കോടതി ആന്റോ ആഗസ്റ്റിന് ജാമ്യം അനുവധിക്കുകയായിരുന്നു.
English Summary
The Kerala High Court has granted conditional bail to Anto Augustine, the Managing Director of Reporter Broadcasting Company, in connection with an Abkari (liquor possession) case.




