NEWS
‘ഓർമ വീഴുമ്പോൾ ആശുപത്രിയിലാണ്… ഇടതു തുടയിൽ ആഴത്തിലുള്ള മുറിവ്, വിരലിന്റെ പകുതി ഇല്ല’

‘ചേട്ടാ, പട്ടി വരുന്നു… ഓടിക്കോ…’ അനിയൻ വരുൺ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി. വരുൺ ഓടി. എനിക്കും ഓടണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല… കുരച്ചുകൊണ്ട് നായ എന്റെ അടുത്തേക്ക് ഓടിവന്നു. പെട്ടെന്ന് എന്റെ ഇടതു തുടയിൽ കടിച്ചു. ഞാൻ നിലവിളിച്ചു.നിലവിളി കേട്ട് അമ്മാവൻ അഭിലാഷ് ഓടിയെത്തി. അമ്മാവൻ കല്ലെടുത്ത് നായയെ എറിഞ്ഞപ്പോൾ നായ ഓടിപ്പോയി. പക്ഷേ, കുറച്ചുകഴിഞ്ഞ് നായ വീണ്ടും എന്റെ അടുത്തേക്ക് വന്നു. പെട്ടെന്ന് ചാടി വീണ് എന്റെ വലതുകൈയിലെ മോതിര വിരലിൽ കടിച്ചു. വേദന സഹിക്കാൻ കഴിഞ്ഞില്ല. കൈ കുടഞ്ഞു. വിരൽ വലിച്ചെടുക്കാൻ നോക്കി. പക്ഷേ, നായ വിട്ടില്ല. ഞാൻ ഇടതു കൈകൊണ്ട് നായയെ അടിച്ചു. എന്നിട്ടും അത് വിരൽ വിട്ടില്ല. ഒടുവിൽ എന്റെ വിരലിന്റെ പകുതി കടിച്ചെടുത്താണ് നായ ഓടിപ്പോയത്. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഓർമ വീഴുമ്പോൾ ഞാൻ ആശുപത്രിയിലാണ്. ഇടതു തുടയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വലതുകൈ നോക്കിയപ്പോൾ മോതിരവിരലിന്റെ പകുതി ഇല്ലായിരുന്നു….’
Fashion ⏭️




