NEWS
ഇറാന്റെ വിമാനങ്ങളെ വിലക്കി യുഎസ്; സൗദി ‘റൂട്ട്’ മാറ്റിയപ്പോൾ കൂപ്പുകുത്തി എണ്ണവില, കുതിച്ചുപറക്കാൻ ‘ഇന്ത്യ’, ഇടിഞ്ഞ് സ്വർണം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് യുഎൻ പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിലേക്ക് കണ്ണുംനട്ട് ലോക വിപണികൾ. ഇറാൻ യുദ്ധം, ഗാസയിലെ സമാധാനനീക്കം എന്നിവയെക്കുറിച്ച് ട്രംപ് എന്തുപറയുമെന്നതാണ് പ്രധാന ആകാംക്ഷ. ഇരുവിഷയങ്ങളിലും ട്രംപ് തന്റെ ‘വിജയം’ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിനെയും വിപണി പോസിറ്റീവായാണ് കാണുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളെയും ട്രംപ് കാണുന്നുണ്ട്. യുഎസിൽ ഈയാഴ്ച എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇറാൻ യുദ്ധം, വ്യാപാരപ്പോര്, എഐയിലെ മത്സരം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലങ്ങളും വിപണികളെ ശക്തമായി സ്വാധീനിക്കും. സൗദിയുടെ നീക്കത്തിൽ ഇടിഞ്ഞ് എണ്ണവില, പക്ഷേ… പശ്ചിമേഷ്യയിൽ സമാധാനമുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ ആഗോളതലത്തിൽ ഓഹരി വിപണികൾ നേട്ടമുണ്ടാക്കിയിരുന്നു. ചെങ്കടൽ ഭാഗത്തെ എണ്ണകയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ആക്രമണം നടത്തുന്നതിനാൽ സൗദി അറേബ്യ ഇപ്പോൾ ഗൾഫ് മേഖലയിലെ കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് കൂടുതൽ എണ്ണയും വിപണിയിലെത്തിക്കുന്നത്. സൗദി എണ്ണക്കമ്പനിയായ സൗദി അറംകോ കഴിഞ്ഞദിവസം 14 മില്യൻ ബാരൽ എണ്ണ 7 വമ്പൻ എണ്ണക്കപ്പലുകളിലേക്ക് കയറ്റിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കൂപ്പുകുത്തി. ബാരലിന് 109 ഡോളർ നിലവാരത്തിൽ നിന്ന് ബ്രെന്റ് ക്രൂഡ് വില ഒരുവേള 99 ഡോളറിലേക്ക് ഇടിഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില 104 ഡോളർ നിലവാരത്തിൽ നിന്ന് 91 ഡോളറിലേക്കും കുറഞ്ഞു. പക്ഷേ, പിന്നീട് തിരിച്ചുകയറി. ഇറാനെ ആകാശത്തും പൂട്ടാൻ യുഎസ് മറുവശത്ത് ഇറാനുമേൽ യുഎസ് സമ്മർദം കടുപ്പിക്കുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാളെ (സെപ്റ്റംബർ 23) മുതൽ ലോകത്ത് എല്ലായിടത്തും ഇറാനിയൻ വിമാനങ്ങളെ വിലക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ആവശ്യപ്പെട്ടു. നിർദേശം അനുസരിക്കാത്ത വിദേശ കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിക്കുമെന്നും ബെസ്സന്റ് ഭീഷണിപ്പെടുത്തി. ‘‘സെപ്റ്റംബർ 23 മുതൽ ലോകത്ത് എല്ലായിടത്തും ഇറാന്റെ വിമാനങ്ങൾ വിലക്കണം. ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിങ് സേവനമോ ഇന്ധനമോ കൊടുക്കരുത്. യാത്രാ ടിക്കറ്റ് അനുവദിക്കരുത്. അനുസരിച്ചില്ലെങ്കിൽ നിങ്ങളെ ഡോളർ വിനിമയ സംവിധാനത്തിൽ നിന്ന് പുറത്താക്കും’’- ബെസ്സന്റ് പറഞ്ഞു. ഇറാനെ സാമ്പത്തികമായി ഉപരോധിച്ച് സമ്മർദത്തിലാക്കാനുള്ള യുഎസിന്റെ പുതിയ തന്ത്രമാണ് വിമാന വിലക്ക്. സൗദിയുടെ എണ്ണനീക്കത്തെ തുടർന്ന് കുറഞ്ഞ ക്രൂഡോയിൽ വില ബെസ്സന്റിന്റെ ഭീഷണിയെത്തുടർന്ന് അൽപം കയറി. ബ്രെന്റ് വില വീണ്ടും 100 ഡോളറിലെത്തി. ഡബ്ല്യുടിഐ വില 92.81 ഡോളറും. സ്വരം കടുപ്പിച്ച് ഇറാന്റെ സൈന്യം, ചെങ്കടൽ പോർക്കളത്തിലേക്ക് ഇയു ഇറാനും നിലപാട് കടുപ്പിക്കുകയാണ്. പശ്ചിമേഷ്യയിൽ നിന്ന് ഇസ്രയേൽ, യുഎസ് സൈന്യങ്ങൾ ഉടൻ വിട്ടുപോകണമെന്ന് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ആവശ്യപ്പെട്ടു. യുഎസ് സൈന്യം പശ്ചിമേഷ്യയിൽ ‘ക്രിമിനൽ’ പ്രവൃത്തികളാണ് ചെയ്യുന്നതെന്നും ആരോപിച്ച ഐആർജിസി, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അർഹിക്കുന്ന തിരിച്ചടി കൊടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ചെങ്കടലിൽ ഹൂതികളുടെ ആക്രമണം ചെറുത്ത് കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ‘മിഷന്’ തയാറെടുക്കുകയാണ് യൂറോപ്യൻ യൂണിയനും. 2024ൽ സമാന സാഹചര്യമുണ്ടായപ്പോൾ 10 യുദ്ധക്കപ്പലുകളെങ്കിലും വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണെന്നും 10ലേറെ യുദ്ധക്കപ്പലുകൾ വേണമെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയ മേധാവി കായ കാലസ് പറഞ്ഞു. എണ്ണത്തകർച്ച ആഘോഷമാക്കി ഓഹരികൾ ക്രൂഡോയിൽ വില കുറഞ്ഞതും പണപ്പെരുപ്പ ഭീഷണി വിട്ടകലുമെന്ന പ്രതീക്ഷയും ഓഹരി വിപണികൾക്ക് നേട്ടമാവുകയാണ്. എണ്ണവില താഴ്ന്നാൽ ആഗോളതലത്തിൽ വിലക്കയറ്റ ഭീതി മായും. പലിശഭാരം കൂട്ടാനുള്ള സാധ്യതയും മങ്ങും. ഇതോടെ യുഎസ് ഡോളർ ഇൻഡക്സും യുഎസ് ട്രഷറി ബോണ്ട് യീൽഡും താഴ്ന്നതും ഓഹരി വിപണികൾക്ക് നേട്ടമായി. യുഎസിൽ ടെക്/എഐ ഓഹരികൾക്ക് ലഭിക്കുന്ന മികച്ച വാങ്ങൽ താൽപ്പര്യവും ഓഹരി വിപണിയുടെ വൻ തിരിച്ചുകയറ്റത്തിന് വഴിയൊരുക്കി. ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 600 പോയിന്റാണ് (+2.26%) ഇന്നലെ കുതിച്ചുകയറിയത്. എസ് ആൻഡ് പി500 സൂചിക 1.49 ശതമാനവും ഡൗ ജോൺസ് 0.71 ശതമാനവും ഉയർന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ മൂന്ന് സൂചികകളും 0.2% വരെ നേട്ടമുണ്ടാക്കി. ഏഷ്യയിലും ആവേശം, സ്വർണം ഉലയുന്നു പോസിറ്റീവ് കാറ്റ് ഏഷ്യയിലേക്കും എത്തി. ദക്ഷിണ കൊറിയൻ കോസ്പി 2.20% മുന്നേറി. ഹോങ്കോങ് 0.55%, ഷാങ്ഹായ് 0.40%, ഓസ്ട്രേലിയ 0.30% എന്നിങ്ങനെയും ഉയർന്നു. ജാപ്പനീസ് വിപണികൾക്ക് ഇന്നും അവധിയാണ്. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 0.041% താഴ്ന്ന് 4.956 ശതമാനത്തിലെത്തി. യുഎസ് ഡോളർ ഇൻഡക്സ് 100.45ൽ നിന്ന് 100.39ലേക്ക് താഴ്ന്നു. സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 4338 ഡോളറിലേക്ക് താഴ്ന്നെങ്കിലും യുഎസ് ഇപ്പോഴും ഇറാനെതിരെ സ്വരം കടുപ്പിച്ച് നിൽക്കുന്നതിനാൽ നഷ്ടം കുറയ്ക്കുകയാണ്. ഇപ്പോഴുള്ളത് 4354 ഡോളറിൽ.കുതിപ്പ് തുടരാൻ ഇന്ത്യൻ വിപണി; മുന്നേറി രൂപ
Fashion ⏭️




