HEALTH
കോവിഡിന് പിന്നാലെ പുതിയ അലർജികളോ? കാരണങ്ങൾ അറിയാം | New Allergies After Covid

അലർജികൾ സാധാരണയായി കുട്ടിക്കാലത്തോ അല്ലെങ്കിൽ ജനനത്തിന് മുമ്പോ മാത്രം നിർണ്ണയിക്കപ്പെടുന്ന ഒന്നാണെന്നാണ് പൊതുവെ കരുതാറുള്ളതെങ്കിലും, മനുഷ്യർക്ക് ജീവിതത്തിന്റെ ഏതു പ്രായത്തിലും പുതിയ തരം അലർജികൾ ഉണ്ടാകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് സംഭവിക്കുന്ന ചില അപ്രതീക്ഷിത വ്യതിയാനങ്ങളും ആശയക്കുഴപ്പങ്ങളുമാണ് ഇതിന് പ്രധാന കാരണം. വായുവിലുള്ള പൊടിപടലങ്ങൾ മുതൽ കഴിക്കുന്ന ഭക്ഷണങ്ങൾ വരെ പെട്ടെന്നൊരു ദിവസം ശരീരത്തിന് അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്. പുതിയ പഠനങ്ങൾ അനുസരിച്ച് കോവിഡ്-19 പോലുള്ള വൈറസ് ബാധകൾ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുകയും തുടർന്ന് ശ്വാസകോശ സംബന്ധമായ ആസ്ത്മ, തുമ്മൽ, മൂക്കടപ്പ് തുടങ്ങിയ പുതിയ അലർജി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം ഒരു വൈറസിനോട് കടുത്ത രീതിയിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശരീരത്തിലേക്ക് എത്തുന്ന മറ്റ് സാധാരണ വസ്തുക്കളെപ്പോലും ദോഷകരമായി കണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണം. കൂടാതെ സാധാരണ രോഗങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുടലിലെ നല്ല ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തകർക്കുകയും ഇത് പ്രതിരോധ സംവിധാനത്തിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി അലർജിക്ക് കാരണമാകുകയും ചെയ്യുന്നു. സ്ത്രീകളിൽ ഗർഭകാലത്തും ആർത്തവവിരാമ സമയത്തും ഉണ്ടാകുന്ന കടുത്ത ഹോർമോൺ വ്യതിയാനങ്ങളും പുതിയ അലർജികൾ രൂപപ്പെടുന്നതിന് കാരണമാവാറുണ്ട്. നോർത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കാണപ്പെടുന്ന ലോൺ സ്റ്റാർ ടിക് (Lone star tick) പോലുള്ള ചെള്ളുകളുടെ കടിയേൽക്കുന്നത് വഴി മനുഷ്യരിൽ ചുവന്ന ഇറച്ചി കഴിക്കുമ്പോൾ കടുത്ത അലർജി ഉണ്ടാക്കുന്ന ആൽഫാ-ഗാൽ സിൻഡ്രോം (Alpha-gal syndrome) എന്ന അവസ്ഥക്ക് കരണമാവുമെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതിർന്ന ആളുകളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം അലർജികൾ പലപ്പോഴും ശരീരത്തിൽ സ്ഥിരമായി തുടരാനാണ് സാധ്യത കൂടുതൽ. എങ്കിലും ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന സമയത്ത് പ്രോബയോട്ടിക്സും തൈരും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധി വരെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. നിലവിൽ അലർജി പ്രതിപ്രവർത്തനങ്ങളെ തടയുന്നതിനായി ക്സോളെയർ (Xolair) പോലുള്ള പുതിയ മരുന്നുകളും പ്രതിരോധ സംവിധാനത്തെ പുനഃക്രമീകരിക്കാൻ സഹായിക്കുന്ന പുതിയ വാക്സിനുകളും വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം.
Life Style ⏭️




