BUSINESS

സ്വർണം പണയംവച്ച് വീട്ടമ്മ തുടങ്ങിയ ബിസിനസിൽ ഇപ്പോൾ മാസം 10 ലക്ഷം വരുമാനം; കൂടുതലും റെഡി കാഷ്, ലാഭം 3 ലക്ഷം


വായ്പയ്ക്കും ആനുകൂല്യങ്ങൾക്കും കാത്തുനിൽക്കാതെ  സ്വന്തം സ്വർണാഭരണങ്ങൾ പണയംവച്ച തുകകൊണ്ടു സംരംഭം തുടങ്ങി; മൂന്നുവർഷം കൊണ്ട് മിന്നും വിജയം. തികച്ചും സാധാരണമായ ചപ്പാത്തി നിർമാണത്തിലെ ഈ നേട്ടം ജിനു മാത്യുവിന്റെ സംരംഭമികവ് തെളിയിക്കുന്നു. ഏറെ പ്രതിസന്ധികൾ തരണം ചെയ്തെങ്കിലും ഇപ്പോൾ മാസം 8–10 ലക്ഷം രൂപയുടെ വിറ്റുവരവിൽ രണ്ടര മൂന്നു ലക്ഷം രൂപ ലാഭം നേടുന്നു. പതിന്നാലു പേർക്ക് തൊഴിലും നൽകുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പടിയിലാണ് ഈ വീട്ടമ്മയുടെ ‘അമ്മാസ് ഫുഡ് പ്രോഡക്ട്സ്’ എന്ന സംരംഭം പ്രവർത്തിക്കുന്നത്.  പകുതി വെന്ത ചപ്പാത്തി   പ്രാദേശികമായി ഏറെ ആവശ്യക്കാരുള്ള ഹാഫ് കുക്ഡ് ചപ്പാത്തിയാണ് നിർമിച്ചു വിൽക്കുന്നത്. ഭർത്താവ് ജിൻസ് ആന്റണി, പിതാവ് മാത്യൂസ് എന്നിവരും ജിനുവിനൊപ്പം പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.   മുതൽമുടക്ക് ആറു ലക്ഷം  കുടുംബത്തിന് എന്തെങ്കിലും ഒരു ബിസിനസ് ചെയ്യാതെ പറ്റില്ല എന്ന സാഹചര്യത്തിലാണ്  സ്വർണം പണയംവച്ചും അല്ലാതെയും സ്വരൂപിച്ച് ആറു ലക്ഷം രൂപ മുടക്കി സംരംഭം തുടങ്ങിയത്. കയ്യിൽ ഒതുങ്ങുന്ന മുതൽ മുടക്ക് മതി, ഒട്ടേറെ ആവശ്യക്കാരുണ്ട്, നാലു  ദിവസം കേടുകൂടാതിരിക്കും എന്നതെല്ലാമാണ് ചപ്പാത്തി  തിരഞ്ഞെടുക്കാൻ കാരണം. ആദ്യത്തെ ഒരു വർഷം നന്നായി കഷ്ടപ്പെട്ടു. തീരെ കച്ചവടം കിട്ടിയില്ല. അതോടെ സ്ഥാപനം പൂട്ടുകയാണു നല്ലതെന്ന് പലരും ഉപദേശിച്ചു. പക്ഷേ  മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ ജിനു തയാറായില്ല. നാട്ടിൽ എത്രയോ കടകളുണ്ട് അവ വഴി വിൽപന കൂട്ടാനാകില്ലേ? അങ്ങനെ ചിന്തിച്ചപ്പോൾ പുതിയ റൂട്ടുകൾ തെളിഞ്ഞു. ഫീൽഡ് തലത്തിൽ നന്നായി പണിയെടുത്തു. ഭർത്താവ് ജിൻസ് ആന്റണി കടകൾ കയറിയിറങ്ങി ഓർഡർ ശേഖരിച്ചു. കാഞ്ഞിരപ്പള്ളി-റാന്നി, കുമളി-കട്ടപ്പന, പാല-പൊൻകുന്നം റൂട്ടുകളിലെ കടകളിൽനിന്നു കൂടുതൽ ഓർഡറുകൾ ലഭിച്ചു. മികച്ച ഗുണമേന്മ ഉറപ്പുവരുത്തി കൃത്യമായി വിതരണം ചെയ്തതോടെ ചപ്പാത്തി എത്രയുണ്ടായാലും വിൽക്കാൻ കഴിയുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ മാറി.   ജോലിപരിചയം തുണയായി  ബികോം പാസായശേഷം ഒരു സെയിൽസ് ടാക്സ് കൺസൽട്ടന്റിന്റെ ഓഫിസിൽ ഒന്നരവർഷം ജോലി ചെയ്തു. പിന്നീട് രണ്ടര വർഷം സെന്റ്.ജോസഫ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചു. വിവാഹം കഴിഞ്ഞതോടെ ജോലിക്കു പോകാൻ കഴിയാതായി. അപ്പോഴാണ് ഭർത്താവിന്റെ താൽപര്യം കൂടി കണക്കിലെടുത്ത് സ്വന്തം  ബിസിനസിലേക്കു കടന്നത്. തുടക്കത്തിലേതന്നെ റജിസ്ട്രേഷൻ  എടുക്കാനും അടുക്കുംചിട്ടയോടും കൂടി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാനും തൊഴിൽപരിചയം സഹായിച്ചു. ആദ്യമേതന്നെ ജിഎസ്ടി എടുത്തതിനാൽ വ്യാപകമായി ഓർഡർ പിടിക്കാനും ആശങ്കയില്ലാതെ ബിസിനസ് ചെയ്യാനും കഴിഞ്ഞു. വിജയത്തിനു ഇതും പ്രധാന കാരണമായി. FSSAI, PACKER എന്നീ ലൈസൻസുകളും എടുത്തിട്ടുണ്ട്. അഞ്ചു വയസ്സുള്ള മിഖായേൽ, മൂന്നു വയസ്സുകാരൻ മാനുവൽ, പത്തുമാസ പ്രായമുള്ള മിലന്‍ എന്നിവർകൂടി ചേർന്നതാണ് ഇവരുടെ കുടുംബം.  ദിവസേന 8000 ചപ്പാത്തി  ബേക്കറികൾ, പലവ്യഞ്ജനക്കടകൾ, പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ വിതരണം ചെയ്യുന്നു. കാറ്ററിങ് സർവീസുകാരും പ്രദേശവാസികളും നേരിട്ടെത്തി വാങ്ങും. റെഡികാഷ് വിൽപനകളാണ് കൂടുതലും. ക്രെഡിറ്റ് നൽകേണ്ടി വന്നാലും പണം കിട്ടാൻ പ്രയാസമില്ല. 30 എണ്ണത്തിന്റെ പാക്കറ്റ് 35 മുതൽ 50 രൂപവരെ വിലയ്ക്ക്  സപ്ലൈ ചെയ്യും. ദിവസേന 7000 – 8000  ചപ്പാത്തി വച്ച് മാസം 8–10 ലക്ഷം രൂപയുടെ  വിൽപനയുണ്ട്. 30% അറ്റാദായമാണ് മൊത്തവിതരണത്തിൽനിന്ന് ലഭിക്കുന്നത്. ജോലിക്കാരിൽ കൂടുതലും ചുറ്റുപാടുമുള്ള വീട്ടമ്മമാരാണ്. അവർക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്താൻ കഴിയുന്നതിന്റെ സന്തോഷം ഒന്നുവേറെതന്നെയാണെന്ന് ജിനു പറയുന്നു. മത്സരത്തെ മറികടക്കാൻ  ക്വാളിറ്റിയും ചെലവു ചുരുക്കലുമാണ്  പിടിച്ചു നിൽക്കാൻ സഹായിക്കുന്നത്. ഏറ്റവും മുന്തിയ ആട്ട മാത്രമേ വാങ്ങൂ. കമ്പനിക്കാർ ആട്ട സ്ഥാപനത്തിൽ എത്തിച്ചുതരും. ഏഴു ദിവസംവരെ ക്രെഡിറ്റും ലഭിക്കും. ഇതെല്ലാം ചെലവു കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ സമയം എടുത്തുള്ള മിക്സിങ് വഴി  സോഫ്റ്റ്നസ് ഉറപ്പാക്കുന്നു. വീട്ടിൽ ഉപയോഗിക്കാൻ ഉണ്ടാക്കുന്നതുപോലെ കരുതലോടെയാണ് ഇവ വിതരണം ചെയ്യുന്നത്.   ചപ്പാത്തി നിർമാണം വാണിജ്യാടിസ്ഥാനത്തിൽ  ചപ്പാത്തി നിർമിക്കാൻ 10 കിലോ ബ്രൗൺ ആട്ടയും 20 കിലോ ചക്കി ആട്ടയും മിക്സിങ് മെഷീനിലിടും. എണ്ണ, ഉപ്പ് എന്നിവ ചേർത്ത് പത്തുമിനിറ്റ് മിക്സ് ചെയ്ത ശേഷം പാകത്തിന് വെള്ളം ഒഴിക്കുന്നു. വീണ്ടും 20-25 മിനിറ്റ് നന്നായി മിക്സ് ചെയ്ത്  മയംവരുത്തുന്നു. ഈ മിക്സ്  ബോൾ മേക്കിങ് മെഷീനിലിട്ട്  ഉരുട്ടിയെടുക്കുന്നു. പിന്നീട് ഹാഫ് കുക്ഡ് ചപ്പാത്തി മേക്കർ മെഷീനിൽ പരത്തി പകുതി വേവിച്ച് എടുക്കും. 10 എണ്ണത്തിന്റെ പാക്കറ്റുകളാക്കി  വിപണിയിൽ  എത്തിക്കുന്നു. ഫുൾ കുക്ഡ് ചപ്പാത്തിക്കും  ഓർഡർ ഉള്ളതിനാൽ  അതിലേക്കും കടക്കാൻ ഒരുങ്ങുകയാണ്. വിലാസം: ജിനുമാത്യു, അമ്മാസ് ഫുഡ് പ്രോഡക്ട്, കൂവപ്പടി, കാഞ്ഞിരപ്പള്ളി, കോട്ടയം. പൂരി, പൊറോട്ട ചപ്പാത്തിക്കുശേഷം പൊറോട്ട, പൂരി എന്നിവയിലേയ്ക്കും ജിനു കടന്നു. ഇതിനായി പിഎംഎഫ്എംഇ പദ്ധതിയിൽ 20 ലക്ഷം രൂപ വായ്പ (35% സബ്സിഡി) എടുത്തു. ഓട്ടോമാറ്റിക് മെഷിനറികൾ വാങ്ങിച്ചു. ഹോട്ടലുകളും റസ്റ്ററന്റുകളും നിരന്തരം ആവശ്യപ്പെടുന്ന പൊറോട്ടയും പൂരിയും സോഫ്റ്റായി ഉണ്ടാക്കി നൽകുന്നതോടെ വളർച്ച കൂടും. വിപണി ആവശ്യപ്പെടുന്നവ നിർമിച്ചാൽ വിൽപ്പന പ്രശ്നമാകില്ല. (മലയാള മനോരമ സമ്പാദ്യം 2026 സെപ്റ്റംബർ ലക്കത്തിൽ നിന്ന്)


Travel ⏭️

Back to top button