NEWS

ഡൽഹി കൂട്ട ബലാത്സംഗം: നായ്ക്കൾ കടിച്ചുതിന്ന മൃതദേഹം പുരുഷന്റേതെന്ന് കരുതി; വഴിത്തിരിവായത് കയ്യിലെ നക്ഷത്ര ടാറ്റു


ന്യൂഡൽഹി ∙ ഡൽഹിയിലെ സ്വരൂപ് നഗറിൽ പതിനാറുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെരുവ്നായ്ക്കൾ കടിച്ചുതിന്ന മൃതദേഹം മധ്യവയസ്കനായ പുരുഷന്റേതാണെന്നായിരുന്നു പൊലീസിന്റെ ആദ്യ ധാരണയെന്ന് റിപ്പോർട്ട്. എന്നാൽ കയ്യിലെ നക്ഷത്ര ടാറ്റു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ കൊല്ലപ്പെട്ടത് പെൺ‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 11നാണ് പെൺകുട്ടി ക്രൂരമായ കൊലപാതകത്തിന് ഇരയായത്. രണ്ട് ദിവസത്തിനു ശേഷം, സെപ്റ്റംബർ 13ന് രാവിലെ ഏഴരയോടെയാണ് സ്വരൂപ് നഗറിലെ വിജനമായ പാടത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസിനു സന്ദേശം ലഭിക്കുന്നത്. തലയോട്ടിയും നെഞ്ചെല്ലും പുറത്തുകാണുന്ന നിലയിലായിരുന്നു മൃതദേഹം. വലതുകൈ പൂർണമായി അറ്റുപോയിരുന്നു. മൃതദേഹത്തിനു ചുറ്റും തെരുവ് നായക്കളും മറ്റ് മൃഗങ്ങളും വിഹരിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ശരീരത്തിൽ ആറോളം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. മൃതദേഹം പൂർണമായി അഴുകി മുഖം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. 


Fashion ⏭️

Back to top button