ബംഗാളിന് പിന്നാലെ അതിഥി തൊഴിലാളികളെ തിരികെ വിളിക്കാൻ ഒഡിഷ: മലയാളികൾക്ക് വീണ്ടും ഇരുട്ടടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബംഗാളിന് പിന്നാലെ കേരളത്തിൽ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടിൽ തന്നെ തൊഴിലും നൽകാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്.
എന്നാൽ കേരളത്തിൽ ബംഗാളിൽ നിന്നുള്ളവർ കഴിഞ്ഞാൽ 20 ലക്ഷത്തോളം പേർ ഒഡിഷയിൽ നിന്നാണ്. നിർമാണ മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിൽ വലിയ സ്വാധീനമുള്ള ഒഡിഷ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന് വലിയ പ്രതിസന്ധിയാകുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇരുപതുലക്ഷത്തിലധികം ഒഡിഷ തൊഴിലാളികളുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ, ഏകദേശം 12 ശതമാനം പേരും ഇവിടെയാണ്. ഹോട്ടൽ,കൃഷി, പ്രത്യേകിച്ച് കെട്ടിടനിർമാണ മേഖലകൾ വ്യാവസായിക മേഖലകൾ എന്നിവ പൂർണമായും അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഒഡീഷ സർക്കാർ തങ്ങളുടെ തൊഴിലാളികളെ വിജയകരമായി തിരികെ എത്തിച്ചാൽ അത് കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ പൂർണമായും സ്തംഭിക്കും. നെൽകൃഷിയെ ഉൾപ്പെടെ ഇത് ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. കയർ, കശുവണ്ടി മേഖലകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. കാരണം ഈ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യാൻ ആളില്ലാതാകും. സംസ്ഥാനത്ത് ഭൂരിഭാഗം ഹോട്ടലുകളിലെയും പാചകക്കാർ, സപ്ലയർമാർ എന്നിവർ ഒഡിഷക്കാരുൾപ്പെടെയുള്ള അതിഥി തൊഴിലാളികളാണ്.
കഠിനാധ്വാനം ആവശ്യമുള്ള ജോലികൾക്ക് ആളില്ലാതെ വരുന്നത് കൂലി വർദ്ധിക്കാൻ കാരണമാകും. ചുരുക്കത്തിൽ മലയാളികൾ കഠിനാധ്വാനം ആവശ്യമുള്ള ജോലികളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ ഒഡിഷയിൽ നിന്നുൾപ്പെടെയുള്ള അതിഥി തൊഴിലാളികളുടെ അസാന്നിദ്ധ്യം സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയേയും സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒഡിഷയിൽ നിന്ന് കേരളത്തിലുള്ള തൊഴിലാളികളെ തിരികെ വിളിച്ച് അവർക്ക് നൈപുണ്യ പരിശീലനം നൽകുന്നത് പരിഗണനയിലാണെന്ന് കഴിഞ്ഞദിവസം ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധ വ്യക്തമാക്കിയിരുന്നു. ഒഡിഷയിൽ കൂടുതൽ വസ്ത്ര നിർമ്മാണ ശാലകൾ തുടങ്ങും. തിരിച്ചെത്തുന്നവർക്ക് തൊഴിൽ നൽകും. ആവശ്യമുള്ളവർക്ക് വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകും. കേരളത്തിൽ നിന്നെത്തിയ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായികൾ വസ്ത്ര നിർമ്മാണ ശാലകൾ ആരംഭിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. അഞ്ചോ ആറോ ജില്ലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലാകും തിരിച്ചെത്തുന്നവർക്ക് ജോലി നൽകുക. ഒഡീഷ അത്ര ദരിദ്രമല്ല ഇപ്പോൾ. മോദിയുടെ ഗരീബ് കല്യാൺ, എല്ലാവർക്കും ഭക്ഷണവും സമൃദ്ധിയും എത്തിച്ചുവെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
RELATED TOPICS: ODISHA MIGRANT, ODISHA GOVERNMENT, KERALAM, KERALA MIGRANT WORKERS, KERALA FACES SETBACK
Read News ⏭️


