HEALTH
നെഞ്ചിൽ തുളച്ചുകയറിയ കത്രിക പുറത്തെടുത്ത് രോഗിക്ക് പുതുജീവൻ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് | Kozhikode Medical College Doctors Save Patient After Scissors Pierce Chest

കോഴിക്കോട്: നെഞ്ചിൽ ആഴത്തിൽ കത്രിക തുളച്ചുകയറി ഗുരുതരാവസ്ഥയിലായ രോഗിക്ക് വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കരളിനും ആമാശയത്തിനും ഗുരുതരമായി പരിക്കേറ്റ രോഗിയെ അടിയന്തര ശസ്ത്രക്രിയയിലൂടെ കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വിഭാഗമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. വലതുഭാഗത്തെ നെഞ്ചിൽ അഞ്ചാമത്തെ വാരിയെല്ലുകൾക്കിടയിലൂടെയാണ് കത്രിക ഉള്ളിലേക്ക് തുളച്ചുകയറിയത്. മൂന്ന് സെന്റീമീറ്റർ ചുറ്റളവിലുള്ള മുറിവിലൂടെ വയറിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ കത്രിക ആന്തരികാവയവങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ചു. അടിയന്തരമായി നടത്തിയ പരിശോധനയിലും ശസ്ത്രക്രിയയിലുമാണ് പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായത്. കരളിന്റെ മൂന്നാം ഭാഗത്ത് (Segment III) വലിയ തോതിൽ മുറിവേൽപ്പിക്കുകയും (2 × 1 × 3 സെ.മീ), ആമാശയത്തിന്റെ മുൻഭാഗം തുളക്കുകയും (1 × 0.5 സെ.മീ) ചെയ്തിരുന്നു. ശരീരത്തിൽ തറഞ്ഞിരുന്ന കത്രിക അതീവ ശ്രദ്ധയോടെയാണ് മെഡിക്കൽ സംഘം സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് കരളിനും ആമാശയത്തിനുമേറ്റ മുറിവുകൾ തുന്നിക്കെട്ടി ആന്തരിക രക്തസ്രാവം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. കത്രിക ശരീരത്തിലേക്ക് കടന്നുപോയ സഞ്ചാരപഥവും, ഒന്നിലധികം അവയവങ്ങൾക്കുണ്ടായ പരിക്കും കണക്കിലെടുക്കുമ്പോൾ സങ്കീർണ്ണവും അത്യപൂർവ്വവുമായ ഒരു കേസായിരുന്നു ഇതെന്നും ഡോക്ടർമാർ വ്യക്തമാക്കി. അപകടം നടന്നയുടൻ തന്നെ രോഗിയെ ആശുപത്രിയിലെത്തിച്ചതും മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഡോ. ശ്രീജയൻ, ഡോ. രാജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സർജറി സംഘമാണ് അത്യന്തം സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡോ. അബ്ദുൾ ബാസിത്, ഡോ. അലക, ഡോ. സോനു, ഡോ. കീർത്തി എന്നിവരും ഈ ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളികളായി. മികച്ച ചികിത്സ ഉറപ്പാക്കിയ മെഡിക്കൽ കോളേജ് അധികൃതർക്കും ഡോക്ടർമാരുടെ സംഘത്തിനും ബന്ധുക്കൾ നന്ദി അറിയിച്ചു.
Life Style ⏭️


