BUSINESS
ഇപിഎഫ്ഒ വേതന പരിധി 25,000 രൂപയാക്കി; 51 ലക്ഷം പേര്‍ക്ക് നേട്ടം, പിഎഫ് സമ്പാദ്യത്തില്‍ വരുന്നത് വന്‍ വര്‍ധന

Employees’ Provident Fund Organisation: ഇ.പി.എഫ്.ഒ (EPFO) നിര്‍ബന്ധിത വേതന പരിധി പ്രതിമാസം 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയിലെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പി.എഫ്, പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് നീക്കം. സാധാരണ ജീവനക്കാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ഭദ്രതയും, ഉയര്‍ന്ന സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. കൈയില്‍ കിട്ടുന്ന മാസ ശമ്പളത്തില്‍ ചെറിയ കുറവ് വന്നേക്കാമെങ്കിലും, വിരമിക്കല്‍ കാലത്തേക്ക് വലിയൊരു നിക്ഷേപവും, ഉയര്‍ന്ന പെന്‍ഷനും ഉറപ്പാക്കാം.കേന്ദ്ര മന്ത്രിസഭ അംഗീകാരംഇ.പി.എഫ്.ഒ പ്രകാരമുള്ള നിര്‍ബന്ധിത കവറേജിനായുള്ള വേതന പരിധി പ്രതിമാസം 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ മാറ്റത്തിലൂടെ 51 ലക്ഷത്തിലധികം അധികം ജീവനക്കാരെക്കൂടി നിര്‍ബന്ധിത ഇ.പി.എഫ് പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മോദി സര്‍ക്കാരിന്റെ വമ്പന്‍ നീക്കങ്ങളില്‍ ഒന്നായിരിക്കും ഇത്.15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയില്‍ പ്രതിമാസ ശമ്പളമുള്ള വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് ഈ മാറ്റത്തിലൂടെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും. 2014 സെപ്റ്റംബറിലാണ് ഇതിനുമുമ്പ് വേതന പരിധി 15,000 രൂപയായി പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ശമ്പള വര്‍ധനവും, ഉയര്‍ന്ന വരുമാനവും കണക്കിലെടുത്താണ് പുതിയ മാറ്റം.നേട്ടം പെന്‍ഷനില്‍ ഒതുങ്ങില്ലപി.എഫ് സമ്പാദ്യത്തിന് പുറമെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (EPS) പ്രകാരമുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളും, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം (EDLI) പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ജീവനക്കാര്‍ക്ക് ലഭ്യമാക്കാന്‍ പുതിയ നീക്കം സഹായിക്കും. ഈ പുതുക്കിയ ക്രമീകരണം വഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവ് ഏകദേശം 11,339 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിലവില്‍ ഇത് 10,250 കോടി രൂപയാണ്. ജീവനക്കാരുടെ ദീര്‍ഘകാല റിട്ടയര്‍മെന്റ് സുരക്ഷ ശക്തിപ്പെടുത്താനും, തൊഴിലവസരങ്ങള്‍ കൂടുതല്‍ ഔദ്യോഗികമാക്കാനുമാണ് പുതിയ അപ്‌ഡേറ്റ്.സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍നിലവില്‍ 15,000 രൂപയ്ക്ക് മുകളില്‍ അടിസ്ഥാന ശമ്പളം ഉള്ളതിനാല്‍ ഇ.പി.എഫ് ആനുകൂല്യം ലഭിക്കാതിരുന്ന നിരവധി പേരുണ്ട്. പുതിയ അപ്‌ഡേറ്റോടെ 25,000 രൂപ വരെ വരുമാനമുള്ള വലിയൊരു വിഭാഗം തൊഴിലാളികള്‍ നിര്‍ബന്ധിത പി.എഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ പരിധിയില്‍ വരും.പി.എഫ് വിഹിതം കണക്കാക്കുന്ന ശമ്പള പരിധി ഉയരുന്നതോടെ ജീവനക്കാരന്റെയും, കമ്പനിയുടെയും പ്രതിമാസ നിക്ഷേപം വര്‍ധിക്കുകയും വിരമിക്കുമ്പോള്‍ വലിയൊരു സമ്പാദ്യ തുക ലഭിക്കുകയും ചെയ്യും. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് (EPS) പോകുന്ന തുക വര്‍ധിക്കുന്നതിനാല്‍ വിരമിച്ച ശേഷം ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ തുകയില്‍ 67% വരെ വര്‍ധനവിന് സാധ്യതയുണ്ട്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ 20 അല്ലെങ്കില്‍ അതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇത് കമ്പനികളുടെ പേറോള്‍ ചെലവിലും, സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിത ബാധ്യതയിലും വര്‍ധനവുണ്ടാക്കും. 12% ഇ.പി.എഫ് വിഹിതം ഉയര്‍ന്ന അടിസ്ഥാന ശമ്പളത്തില്‍ പിടിക്കുന്നതിനാല്‍ ജീവനക്കാരുടെ മാസാമാസം കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ ചെറിയ കുറവുണ്ടാകാം. വിജ്ഞാപനം വന്നാലും കമ്പനികള്‍ക്ക് എച്ച്.ആര്‍ / പേറോള്‍ സിസ്റ്റങ്ങളില്‍ മാറ്റം വരുത്താന്‍ സമയം ആവശ്യമായതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ (2027 ഏപ്രില്‍ 1 മുതല്‍) ഇത് പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ഇ.പി.എസ് പെന്‍ഷന്‍ ആനുകൂല്യം പൂര്‍ണ്ണമായി ലഭിക്കുന്നതിന് ഒരു ജീവനക്കാരന്‍ കുറഞ്ഞത് 10 വര്‍ഷത്തെയെങ്കിലും സര്‍വീസ് പൂര്‍ത്തിയാക്കിയിരിക്കണം. തൊഴിലുടമ നല്‍കുന്ന 12% വിഹിതത്തില്‍ 8.33% തുക പെന്‍ഷന്‍ ഫണ്ടിലേക്കും (EPS), ബാക്കി ഭാഗം ഇ.പി.എഫ് അക്കൗണ്ടിലേക്കുമാണ് പോകുന്നത്.
Read News


