NEWS

ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസിന്റെ ‘എണ്ണക്കെണി’ വരുന്നു; ബ്രിക്സിനോടുള്ള ‘ദേഷ്യം’ തീർക്കുമോ ട്രംപ്? നിർണായക തീരുമാനം ഇന്ന്


ബ്രിക്സ് കൂട്ടായ്മയോടുള്ള വിരോധം തീർക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതൊരു അവസരമാക്കുമോ? ഇന്ത്യയും ചൈനയും ഉൾ‌പ്പെടെ 5 രാജ്യങ്ങളെ തീരുവകൊണ്ട് കനത്ത ഷോക്കടിപ്പിക്കാൻ ട്രംപിന് അധികാരം നൽകുന്ന ബിൽ ഇന്ന് യുഎസിന്റെ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് പരിഗണിക്കും. സെനറ്റ് കഴിഞ്ഞ ഓഗസ്റ്റ് 7ന് 11ന് എതിരെ 86 വോട്ടുകൾക്ക് ബിൽ പാസാക്കിയിയിരുന്നു. റഷ്യയില്‍ നിന്ന് ക്രൂഡോയിലും മറ്റ് ഉൽപന്നങ്ങളും വലിയതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്ന ‘ലിൻഡ്സെ ഒ.ഗ്രഹാം സാൻക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ ബില്ലാണ് ഇന്ന് അന്തിമ വോട്ടിങ്ങിനെത്തുന്നത്. തുടക്കത്തിൽ റഷ്യയ്ക്കുമേലുള്ള ഉപരോധമാണ് ബിൽ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ട്രംപിന്റെ കൂടി താൽപ്പര്യാർഥം ഇറാനെയും ഉൾപ്പെടുത്തി. അതായത്, ഇറാനിൽ നിന്ന് എണ്ണയും മറ്റും വലിയതോതിൽ വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികൾ, എണ്ണടാങ്കറുകൾ (ഷാഡോ ഫ്ലീറ്റ്), ബാങ്കുകൾ എന്നിവർക്കും ഉപരോധം വരാം. നിലവിൽ‌ ഇന്ത്യ, ചൈന, ഹംഗറി, സ്ലൊവാക്ക്യ, അസർബൈജാൻ എന്നിവയാണ് റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങൾ. ബില്ലിൽ പക്ഷേ രാജ്യങ്ങളുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. ബിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്താൽ ഈ 5 രാജ്യങ്ങൾക്കും 100% അധികത്തീരുവ ബാധകമാകും. ബ്രിക്സ് കൂട്ടായ്മയൊരു അമേരിക്കൻ വിരുദ്ധ, ഡോളർവിരുദ്ധ ചേരിയാണെന്നും കനത്ത തീരുവ ചുമത്തുമെന്നും ട്രംപ് നേരത്തേ വെല്ലുവിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയാകട്ടെ, ബ്രിക്സ് അംഗരാജ്യങ്ങളുടെ ഒത്തൊരുമ ശക്തമാകാനും ഡോളറിനെ ഒഴിവാക്കിയുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. മോദിയും ഷിയും പുട്ടിനും പെസെഷ്കിയാനും ഒരുകുടക്കീഴിൽ വന്നതും ട്രംപിനെ അലോസരപ്പെടുത്തുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും റഷ്യയും ഇറാനും ദക്ഷിണാഫ്രിക്കയും ബ്രസീലും ട്രംപുമായി ഭിന്നതയിലുള്ളവയുമാണ്. ഈ സാഹചര്യത്തിൽ, പുതിയ ബിൽ ബ്രിക്സിനെതിരായ സമ്മർദ ആയുധമായി ട്രംപ് തൊടുക്കുമോയെന്നതാണ് ആശങ്ക. ട്രംപ് ബില്ലിൽ ഒപ്പുവച്ചാൽ ഇന്ത്യയടക്കം 5 രാജ്യങ്ങളിൽ നിന്ന് യുഎസിൽ എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും 100% അധികത്തീരുവ ബാധകമാകും. 180 ദിവസത്തേക്കാണ് ഇതുപ്രകാരം തീരുവ ചുമത്തുക. 180 ദിവസം കഴിയുമ്പോൾ രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരിക്കും. റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എണ്ണയും മറ്റ് ഊർജോൽപന്നങ്ങളും ഏറ്റവുമധികം വാങ്ങുന്ന 5 രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്താനുള്ള സെക്ഷൻ 113 ഉൾപ്പെടുന്നതാണ് ബിൽ. അതേസമയം, റഷ്യൻ‌ എണ്ണ വാങ്ങുന്നത് സംബന്ധിച്ച നിലപാട് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുകയെന്ന രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. ഇന്ത്യയോട് റഷ്യൻ എണ്ണ ഏറ്റെടുക്കണമെന്ന് ആദ്യം നിർദേശിച്ചതും യുഎസ് ആണ്. ഇപ്പോൾ താരിഫ് ഭീഷണി ഉയർത്തുന്നത് ഇരട്ടത്താപ്പാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.


Fashion ⏭️

Back to top button