NEWS
ബ്രിക്സ് ഇംപാക്റ്റ് കൊച്ചിയിലും; രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയ്ക്കായി കൈകോർത്ത് ഡിപി വേൾഡും കൊച്ചിൻ ഷിപ്പ്‍യാർഡും

കൊച്ചിയിലെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയുടെ (ഐഎസ്ആർഎഫ്) പ്രവർത്തനത്തിനും വിപുലീകരണത്തിനുമായി കൊച്ചിൻ ഷിപ്പ്‍യാർഡും ഡിപി വേൾഡിന്റെ ഉപസ്ഥാപനമായ ഡ്രൈഡോക്സ് വേൾഡും കൈകോർക്കുന്നു. ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഷിപ്പ് റിപ്പയറിങ് മേഖലയിൽ ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്. സംയുക്ത സംരംഭത്തിന്റെ പേര് കൊച്ചിൻ ദുബായ് ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി. 50:50 പങ്കാളിത്തത്തോടെയാണ് സംയുക്ത കമ്പനി. പ്രാദേശിക, ആഗോള ആവശ്യങ്ങൾ നിറവേറ്റുംവിധം ഐഎസ്ആർഎഫിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ ആന്റോലോവിക് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജെ.ജോസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 2025ലെ ഇന്ത്യ മാരിടൈം വീക്കിനിടെ ഡ്രൈഡോക്സ് വേൾഡും കൊച്ചിൻ ഷിപ്പ്‌യാർഡും ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് പുതിയ സംയുക്ത സംരംഭം.
Fashion ⏭️


