SPORTS

പാക്കിസ്ഥാൻ താരങ്ങളെ ‘അഭയാർഥികൾ’ എന്ന് തെറ്റിദ്ധരിച്ചു, ടീം ബസ് എത്തിയതിനു പിന്നാലെ ഇംഗ്ലണ്ടിലെ ഹോട്ടലിനു മുന്നിൽ പ്രതിഷേധം


ലണ്ടൻ ∙ യുകെയിൽ ക്രിക്കറ്റ് മത്സരത്തിന് എത്തിയ പാക്കിസ്ഥാൻ അണ്ടർ–19 ടീമിനെതിരെ പ്രതിഷേധം. ദക്ഷിണ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിലുള്ള ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയവർ, അവിടെ താമസിച്ചിരുന്ന പാക്കിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം അംഗങ്ങളെ അഭയാർഥികളാണെന്ന് തെറ്റിദ്ധരിച്ച് അവർക്കെതിരെ പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്. യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. ടെസ്റ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാന്റെ സീനിയർ ക്രിക്കറ്റ് ടീമും നിലവിൽ ഇംഗ്ലണ്ടിലുണ്ട്. കുടിയേറ്റ വിരുദ്ധ പാർട്ടിയായ ‘റിഫോം യുകെ’യുടെ ഒരു കൗൺസിലർ സംഭവസ്ഥലത്തെത്തുകയും, അവിടെയുണ്ടായിരുന്നത് പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീം അംഗങ്ങളാണെന്ന് സ്ഥിരീകരിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയുമായിരുന്നു. മേഖലയുടെ ചുമതലയുള്ള ഹാംഷെയർ പൊലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. വന്നിരിക്കുന്നത് ക്രിക്കറ്റ് താരങ്ങളാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


Auto ⏭️

Back to top button