NEWS
സമുദായത്തിനു രാഷ്ട്രീയാധികാരം എന്ന ലക്ഷ്യം ബാക്കി: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ ∙ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 22–ാം വയസ്സിൽ ആദ്യമായി തുടങ്ങിയ സംരംഭം ഒരു പലചരക്ക് കടയായിരുന്നു. നാട്ടുകാർക്കു കടം കൊടുത്തു നഷ്ടത്തിലായതോടെ കട പൂട്ടി. ഒന്നല്ല, മൂന്നു വട്ടം! അമ്മ കൊടുത്ത പണംകൊണ്ടു കട വീണ്ടും തുറന്നെങ്കിലും കടം കൊടുക്കൽ തുടർന്നതോടെയാണു രണ്ടു വട്ടം കൂടി പൂട്ടിയത്. സ്വന്തം കാര്യം നോക്കാതെ സാധാരണക്കാരുടെ സങ്കടങ്ങളിൽ ഒപ്പം നിൽക്കുന്ന ആ സ്വഭാവത്തിന് ഈ പ്രായത്തിലും മാറ്റമില്ലെന്നു മകൻ തുഷാർ വെള്ളാപ്പള്ളി പറയുന്നു. എസ്എൻഡിപി യോഗത്തിനു പുതിയ ഊർജവും രാഷ്ട്രീയ ദിശാബോധവും പകർന്ന വെള്ളാപ്പള്ളി നടേശൻ നവതിയിലേക്കു പ്രവേശിക്കുന്നു.89–ാം പിറന്നാളിന്റെ പൂമുഖത്തിരുന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സുനിറയെ സന്തോഷമെന്നു വെള്ളാപ്പള്ളി ചിരിക്കുന്നു. ‘മൈക്രോ ഫിനാൻസ് എന്ന ആശയത്തിലൂടെ സമുദായത്തിലെ ദരിദ്രരായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സംതൃപ്തി. സംസ്ഥാനത്തുടനീളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും അടിസ്ഥാന സൗകര്യങ്ങളില്ലാതെ തകർന്നുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികരീതിയിൽ നവീകരിച്ചതുമെല്ലാം സന്തോഷം നൽകുന്നു. അപ്പോഴും സമുദായത്തിനു രാഷ്ട്രീയാധികാരമെന്ന ലക്ഷ്യം ബാക്കിയാണ്. സമുദായത്തിൽ നിന്ന് കൂടുതൽ സിവിൽ സർവീസുകാർ എന്ന ലക്ഷ്യവും’’ വെള്ളാപ്പള്ളി പറഞ്ഞു.പത്രിക മുറിക്കലും ഗുരുജയന്തി ആഘോഷവും സമാധി ദിനാചരണവും മാത്രമല്ല സമുദായപ്രവർത്തനമെന്നു തെളിയിച്ച് എസ്എൻഡിപി യോഗത്തെ വിലപേശൽ ശേഷിയുള്ള സാമൂഹിക പ്രസ്ഥാനമായി വളർത്തിയെടുത്തു എന്നതാണു വെള്ളാപ്പള്ളിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് എതിരാളികൾ പോലും സമ്മതിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്ഥാപനങ്ങൾ തുടങ്ങി. പുതിയ സംരംഭങ്ങൾക്കു തുടക്കമിട്ടു. ഇതിനിടെ വിവാദങ്ങളും കേസുകളും വെള്ളാപ്പള്ളിയെ തേടിയെത്തി. പ്രസ്താവനകൾ സമുദായമൈത്രി തകർക്കുന്നുവെന്ന ആക്ഷേപങ്ങളുയർന്നു. എന്നാൽ, ഒരു മതത്തോടും വിരോധമില്ലെന്നും ഈ പദവിയിലിരിക്കുമ്പോൾ സ്വന്തം സമുദായത്തിന്റെ നീതിക്കു വേണ്ടി സംസാരിച്ചേ മതിയാകൂവെന്നും വെള്ളാപ്പള്ളി പറയുന്നു.
Fashion ⏭️


